സിഎംപിക്ക് സീറ്റ് നല്‍കി ചവറയില്‍ സിപിഎം പയറ്റുന്നത് അടവുനയം

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: സിഎംപിക്ക് ചവറയില്‍ സീറ്റ് നല്‍കിയത് സിപിഎം തന്ത്രത്തിന്റെ ഭാഗമെന്നു വിലയിരുത്തല്‍. ആര്‍എസ്പി മുന്നണി വിട്ടതോടെ ഒഴിവുവന്ന ചവറ സീറ്റില്‍ സിപിഎം ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത് പ്രദേശത്തെ ഒരു മുന്‍ ബാര്‍ ഉടമയെ ആയിരുന്നു. ഇത്തവണ സിപിഎം പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കുന്നതില്‍ ഒന്ന് ബാര്‍ വിഷയമാണ്. ഇദ്ദേഹത്തിന് സീറ്റ് നല്‍കുന്നതോടെ തങ്ങളുടെ പ്രചാരണത്തിന്റെ കുന്തമുന സ്വയം ഒടിക്കുന്നതിനു തുല്യമാവുമെന്നു കണ്ടതോടെ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഎം പിന്നാക്കം പോയി.
സീറ്റ് ചര്‍ച്ചയുടെ ആദ്യഘട്ടത്തിലൊന്നും സിഎംപി ചവറയിലില്ലായിരുന്നു. പകരം സിപിഐയാണ് ഈ സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നത്. എന്നാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണു ചവറ സീറ്റ് സിഎംപിക്ക് നല്‍കിയത്. സിഎംപിക്ക് ഒരു സ്വാധീനവുമില്ലാത്ത ചവറ മണ്ഡലം നല്‍കിയതിലൂടെ രണ്ടു ലക്ഷ്യങ്ങളാണ് സിപിഎം ലക്ഷ്യമിടുന്നത്. കാര്യമായ എതിര്‍പ്പുകളുണ്ടായില്ലെങ്കില്‍ തങ്ങള്‍ പരിഗണിച്ചിരുന്നയാളെ തന്നെ സ്ഥാനാര്‍ഥിയാക്കി മാറ്റുക. മറ്റൊന്ന് ബാര്‍ ഉടമയെ സ്ഥാനാര്‍ഥിയാക്കിയെന്ന ആരോപണത്തില്‍ നിന്നു രക്ഷപ്പെടുക.
ഇതു ശരിവയ്ക്കുന്ന നിലയിലേക്കാണിപ്പോള്‍ ചവറയിലെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍. ഇതുവരെ ഇവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുവാന്‍ സിഎംപിക്ക് കഴിഞ്ഞിട്ടില്ല. സിപിഎം പരിഗണിച്ചിരുന്ന ബാര്‍ ഉടമയുടെയും ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് ഷാരിയറിന്റെയും പേരുകളാണ് ഇപ്പോള്‍ പാര്‍ട്ടി പരിഗണിച്ചുവരുന്നത്. ഇതില്‍ ബാര്‍ ഉടമയുടെ പേരിനുതന്നെയാണു കൂടുതല്‍ സാധ്യത. ആര്‍എസ്പി നേതാവായിരുന്ന ഇദ്ദേഹം അവിടെ നിന്നു രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി നേതാവുമായിരുന്നു. ബാര്‍ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നു പിണങ്ങി മാസങ്ങള്‍ക്കു മുമ്പ് പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ഇതോടെ കോണ്‍ഗ്രസ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ഇതിനു ശേഷമാണ് ഇദ്ദേഹവും സിപിഎമ്മും തമ്മിലുള്ള ചങ്ങാത്തം കടുത്തത്. ഇതാണ് ഇപ്പോള്‍ സിഎംപി സീറ്റ് നല്‍കി സ്ഥാനാര്‍ഥിത്വത്തിലേക്കു പരിഗണിക്കുന്നിടത്തുവരെ സിപിഎമ്മിനെ എത്തിച്ചത്.
മറുവശത്ത് ആര്‍എസ്പിയിലെ ഷിബു ബേബിജോണാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലം രൂപീകരിച്ച കാലം മുതല്‍ ആര്‍എസ്പിയെ മാത്രം വിജയിപ്പിച്ചിട്ടുള്ള മണ്ഡലത്തില്‍ ഇത്തവണ ആദ്യമായാണു പാര്‍ട്ടി ചിഹ്നത്തില്‍ ഷിബു മല്‍സരിക്കുന്നത്.
Next Story

RELATED STORIES

Share it