സിംഹള സിനിമാ ആചാര്യന്‍ വിടവാങ്ങി

പി എ എം  ഹനീഫ്
കോഴിക്കോട്: സിംഹള ജീവിതത്തിന്റെ ഗ്രാമീണ ചാരുതകള്‍ പകര്‍ത്തി ശ്രീലങ്കന്‍ മുഖമുദ്ര എന്നു വിശേഷിപ്പിക്കപ്പെട്ട ലെസ്റ്റര്‍ ജയിംസ് പിയറ്‌സ് 99ാം വയസ്സില്‍ ഏപ്രില്‍ 29 ഞായറാഴ്ച കൊളംബോയില്‍ അന്തരിച്ചു. 1950കള്‍ തൊട്ട് സിംഹള സിനിമയില്‍ നവോത്ഥാനത്തിന്റെ ചാലുകള്‍ കീറിയ ലെസ്റ്റര്‍ ജയിംസ് ശ്രീലങ്കയിലെ സത്യജിത് റേ എന്നാണറിയപ്പെട്ടത്. സിംഹള സിനിമയുടെ പിതാവ് എന്നറിയപ്പെട്ട ജയിംസ് പിയറ്‌സ് രേഖവ എന്ന സിനിമയിലൂടെയാണ് ശ്രീലങ്കയില്‍ ശ്രദ്ധേയനായത്. 1956ല്‍ റിലീസായ പ്രസ്തുത സിനിമ ശ്രീലങ്കയില്‍ അന്നുവരെ നിലനിന്ന ചലച്ചിത്ര സംസ്‌കാരത്തിന് മാറ്റംകുറിച്ചു. ഇതിനുമുമ്പ് ശ്രീലങ്കന്‍ സിനിമ എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ തനിപ്പകര്‍പ്പായിരുന്നു.
1957ല്‍ സിംഹള സിനിമയെ പ്രതിനിധീകരിച്ച് ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ സിംഹള സംവിധായകനും ലെസ്റ്റര്‍ ജയിംസ് ആയിരുന്നു. 2008ല്‍ ഗ്യാം പെരാലിയ (മാറുന്ന ഗ്രാമം) കാന്‍ ഫെസ്റ്റിവലില്‍ ക്ലാസിക് സിനിമ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കപ്പെട്ടു.
ആന്റണ്‍ ചെഖോവിന്റെ ചെറി ഒച്ചാര്‍ഡ് അടിസ്ഥാനമാക്കി നിര്‍മിച്ച വേഘന്ദ വാല്യൂവ ശ്രീലങ്കയില്‍ നിന്നാദ്യമായി അക്കാദമി അവാര്‍ഡിന് നോമിനേഷന്‍ ലഭിച്ചു. ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് ശൈലി അനുകരിച്ച് ചലച്ചിത്ര ജീവിതം ആരംഭിച്ച ലെസ്റ്റര്‍ ജയിംസ് ശ്രീലങ്കയുടെ കലാശില്‍പി എന്ന അപരനാമത്തിലും അറിയപ്പെട്ടു. ഇന്ത്യന്‍ സംവിധായകന്‍ സത്യജിത് റേയുമായി പല കാര്യങ്ങളിലും സാമ്യമുണ്ടായിരുന്ന ലെസ്റ്റര്‍ സത്യജിത് റേയുടെ അടുത്ത സുഹൃത്തുമായിരുന്നു.
സിംഹള ഫ്യൂഡലിസ്റ്റ് വാഴ്ചയ്‌ക്കെതിരേ സുധീരം തന്റെ ചലച്ചിത്രങ്ങൡലൂടെ ലെസ്റ്റര്‍ അവസാനകാലം വരെ പോരാടി. മൂന്നു ദശകത്തിനിടയില്‍ 20ല്‍ പരം സിനിമള്‍ക്ക് ലെസ്റ്റര്‍ ജന്മംനല്‍കി.
ശ്രീലങ്കാഭിമന്യ എന്ന നാമധേയത്തില്‍ സിംഹള സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ചലച്ചിത്ര പ്രതിഭയാണ് ലെസ്റ്റര്‍ ജയിംസ്.
Next Story

RELATED STORIES

Share it