സിംഹങ്ങളുമൊത്ത് സെല്‍ഫി: ക്രിക്കറ്റ് താരം വിവാദത്തില്‍

അഹ്മദാബാദ്: ഗുജറാത്തില്‍ ജുനാഗദിലെ ഗീര്‍ വന്യജീവി സങ്കേതത്തില്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ അനുമതിയില്ലാതെ സിംഹങ്ങളുമൊത്ത് സെല്‍ഫിയെടുത്തതു വിവാദമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് വനംവകുപ്പ് ഉത്തരവിട്ടു. സിംഹങ്ങളുമൊത്ത് സെല്‍ഫിയെടുക്കരുതെന്ന് വകുപ്പ് ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും നിര്‍ദേശം നല്‍കിയതിനു തൊട്ടുപിന്നാലെയാണു സംഭവം. ജഡേജയും ഭാര്യ രീവയും സിംഹങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണു വിവാദമായത്.
സംഭവം അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ജുനാഗദ് മുഖ്യ വനപരിപാലകന്‍ എ പി സിങ് ഉത്തരവിട്ടത്. വന്യജീവി സങ്കേതം സൂപ്രണ്ടിനാണ് അന്വേഷണച്ചുമതല. വന്യജീവി സങ്കേതത്തില്‍ ലയണ്‍ സഫാരി പ്രധാന ആകര്‍ഷണമാണ്. ഇതിനായി വനംവകുപ്പ് ടൂറിസ്റ്റുകള്‍ക്ക് ജീപ്പ് അനുവദിക്കാറുണ്ട്. എന്നാല്‍, സഫാരിക്കിടെ ടൂറിസ്റ്റുകള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതു തടഞ്ഞിരിക്കുകയാണ്. ജഡേജയും ഭാര്യയും നിലത്തിരിക്കുന്നതാണ് ചിത്രം. അവരുടെ പിന്നില്‍ മരത്തിനു ചുവട്ടില്‍ സിംഹം വിശ്രമിക്കുന്നതു കാണാം.
സിംഹത്തിനു നേരെ ജഡേജ വിരല്‍ ചൂണ്ടുന്നതാണ് മറ്റൊരു ചിത്രം. മറ്റു ചില ചിത്രങ്ങളില്‍ വനപാലകര്‍ക്കൊപ്പം നില്‍ക്കുന്നു. ജീവനക്കാര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് സിങ് പറഞ്ഞു. വനമേഖലകളില്‍ ജീവന്‍ പണയംവച്ച് ടൂറിസ്റ്റുകള്‍ സെല്‍ഫിയെടുക്കുന്നതിനെതിരേ വനംവകുപ്പ് മുന്നറിയിപ്പു നല്‍കിയത് ഏതാനും ദിവസം മുമ്പാണ്.
Next Story

RELATED STORIES

Share it