Sports

സിംബാബ്‌വെ, വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഐപിഎല്ലിനു ശേഷം നടക്കുന്ന സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന, ട്വന്റി പരമ്പരയില്‍ മഹേന്ദ്രസിങ് ധോണിയെയും അതിനു ശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലിയെയും ഇന്ത്യ ക്യാപ്റ്റനായി നിലനിര്‍ത്തി.
ഏകദിന, ടെസ്റ്റ് ടീമില്‍ പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ഏകദിന, ട്വന്റി ടീമിലാദ്യമായി കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായര്‍ ഇടംനേടി. എന്നാല്‍, കേരള ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണിന് ഇത്തവണയും ടീമിലുള്‍പ്പെടുത്തിയില്ല.
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് കരുണിന് ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്.
കരുണിന് പുറമേ വിദര്‍ഭ ബാറ്റ്‌സ്മാന്‍ ഫായിസ് ഫസല്‍, സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹല്‍, ജയന്ത് യാദവ്, ബാറ്റ്‌സ്മാന്‍ മന്‍ദീപ് സിങ് എന്നീ പുതുമുഖങ്ങളും സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന, ട്വന്റി പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. വിന്‍ഡീസ് പരമ്പരയുള്ളതിനാല്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, അജിന്‍ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നീ പ്രമുഖര്‍ സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. ജൂണ്‍ 11ന് നടക്കുന്ന ഒന്നാം ഏകദിനത്തോട് കൂടിയാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്.
അതേസമയം, മുംബൈ ബൗളര്‍ ശാര്‍ദുല്‍ താക്കുറാണ് വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഏക പുതുമുഖ താരം. രഞ്ജി ട്രോഫിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചതാണ് ശാര്‍ദുലിന് ദേശീയ ടീമിലേക്ക് ആദ്യമായി വിളിവരാന്‍ കാരണം.
പരിക്കിനെ തുടര്‍ന്ന് ഏറെ കാലം പുറത്തായിരുന്നു പേസര്‍ മുഹമ്മദ് ഷമിയും ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഗുര്‍കീറത്ത് സിങിനും വരുണ്‍ ആരോണിനും ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. അജിന്‍ക്യ രഹാനെയാണ് കോഹ്‌ലി നയിക്കുന്ന ടീമിന്റെ ഉപനായകന്‍.
ഏകദിന, ട്വന്റി ടീം: മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ഫായിസ് ഫസല്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അമ്പാട്ടി റായുഡു, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രിത് ബുംറ, ബരീന്ദര്‍ സ്രാന്‍, മന്‍ദീപ് സിങ്, ഖേദര്‍ യാദവ്, ജയ്‌ദേവ് ഉനാദ്കട്ട്, യുസ് വേന്ദ്ര ചഹല്‍.
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വൃഥിമാന്‍ സാഹ, ആര്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി.
Next Story

RELATED STORIES

Share it