Editorial

സിംഗപ്പൂരിലെ സമാധാന ചര്‍ച്ച

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഉച്ചകോടി ഇന്നു രാവിലെ സിംഗപ്പൂരില്‍ നടക്കും. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇതിനകം സിംഗപ്പൂരില്‍ എത്തിക്കഴിഞ്ഞു. ഇങ്ങനെയൊരു ഉച്ചകോടി നടക്കുമോ എന്ന കാര്യത്തില്‍ തന്നെ വലിയ സംശയമുണ്ടായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍. ഏതായാലും രണ്ടു നേതാക്കളും ഒന്നിച്ചിരിക്കുന്നത് ലോക സമാധാനത്തിനുള്ള ഒരു സുപ്രധാന നീക്കമായി പരിണമിക്കുമെങ്കില്‍ അത് ആശ്വാസകരം തന്നെ.
പക്ഷേ, അമിത പ്രതീക്ഷ വേണ്ട. നേരത്തേയും രണ്ടു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. പക്ഷേ അതൊന്നും വിജയത്തില്‍ എത്തുകയുണ്ടായില്ല. അത്തരം ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്തത് പാശ്ചാത്യശക്തികള്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ മഞ്ഞുരുക്കത്തിന് ആദ്യത്തെ ശ്രമമുണ്ടായത് ഉത്തര കൊറിയന്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്നാണ്. നവവല്‍സരസന്ദേശത്തില്‍ ദക്ഷിണ കൊറിയയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആഗ്രഹം കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അമേരിക്കയുടെയും ഉത്തര കൊറിയയുടെയും അത്യുന്നത നേതൃത്വം നേരിട്ടു കണ്ടുമുട്ടുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലത്തിനിടയില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. അക്കാരണംകൊണ്ടുതന്നെ ഇതൊരു സുപ്രധാന ചരിത്രമുഹൂര്‍ത്തമായി വിലയിരുത്തപ്പെടും. പക്ഷേ, എന്താവും ചര്‍ച്ചയുടെ ഫലം എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു നിഗമനത്തിലും എത്താനാവില്ല. കാരണം, രണ്ടു നേതാക്കളും മറ്റു ലോകനേതാക്കളില്‍ നിന്ന് തുലോം വ്യത്യസ്തരാണ്. കിം ജോങ് ഉന്‍ ഭരണത്തിലേറിയിട്ട് ആറു വര്‍ഷമായെങ്കിലും ആദ്യമായാണ് ലോകരംഗത്തു പ്രത്യക്ഷപ്പെടുന്നത്. തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് അടിസ്ഥാനമായി നില്‍ക്കുന്നത് തങ്ങളുടെ ആണവശേഷിയാണെന്ന് അദ്ദേഹത്തിനു നന്നായറിയാം. അത് എളുപ്പത്തില്‍ വിട്ടുകൊടുത്തുകൊണ്ട് അമേരിക്കയുടെയും ലോക വന്‍ശക്തികളുടെയും സൗഹൃദം നേടിയെടുക്കാന്‍ അദ്ദേഹം എത്രമാത്രം സന്നദ്ധനാവുമെന്ന് കണ്ടറിയണം.
ഡോണള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നുതന്നെ ആര്‍ക്കും വ്യക്തമല്ല. ചര്‍ച്ചയില്‍ പുരോഗതിയുണ്ടായാല്‍ തനിക്കു സമാധാനത്തിന് നൊബേല്‍ സമ്മാനം ഉറപ്പ് എന്നതാണ് ട്രംപിനെ ത്രസിപ്പിക്കുന്ന കാര്യമെന്ന് ചിലര്‍ പറയുന്നു. അതിനപ്പുറം ലോകസമാധാനത്തിലോ സമാധാനപരമായ സഹവര്‍ത്തിത്വത്തിലോ കാര്യമായ താല്‍പര്യമോ അതിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ക്ഷമയോ ഒന്നും അദ്ദേഹത്തിനില്ല എന്ന് കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തെ അനുഭവങ്ങളില്‍ നിന്ന് ലോകത്തിന് അറിയാം. ട്രംപ് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചത് കാനഡയിലെ ജി-7 സമ്മേളന വേദിയില്‍നിന്നാണ്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളാണ് ഈ രാജ്യങ്ങള്‍. അവരുമായി വഴക്കിട്ടുകൊണ്ടും ആതിഥേയരാജ്യത്തിന്റെ തലവനെ അപഹസിച്ചുകൊണ്ടുമാണ് അദ്ദേഹം യാത്ര തിരിച്ചത്. സിംഗപ്പൂര്‍ ചര്‍ച്ച കഴിയുമ്പോള്‍ എന്താവും സ്ഥിതിയെന്ന് ട്വിറ്റര്‍ നോക്കിയാലറിയാം.
Next Story

RELATED STORIES

Share it