സാഹിത്യ അക്കാദമി: കെട്ടിക്കിടക്കുന്നത് കോടി രൂപയുടെ പുസ്തകങ്ങള്‍

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയില്‍ കെട്ടിക്കിടക്കുന്നത് കോടി രൂപയ്ക്ക് മുകളില്‍ വിലമതിക്കുന്ന പുസ്തകങ്ങള്‍. വിതരണം നിര്‍ത്തിവച്ച പുസ്തകവും പിന്‍വലിച്ച പുസ്തകങ്ങളും കെട്ടിക്കിടക്കുന്നു. കഴിഞ്ഞ അക്കാദമി ഭരണസമിതിയുടെ കാലത്ത് അച്ചടിച്ച പുസ്‌കങ്ങളാണു കെട്ടിക്കിടക്കുന്നത്.
മലയാള സാഹിത്യ ചരിത്രമെന്ന പേരില്‍ ഒമ്പതു വാള്യങ്ങളില്‍ പുസ്തകമിറക്കാന്‍ അക്കാദമി തീരുമാനിക്കുകയും ഇതില്‍ ആറു വാള്യങ്ങളുടെ അച്ചടി പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. നോവല്‍, നാടകം, കവിത, വൈജ്ഞാനികം, നിരൂപണം തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള പുസ്തകങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധമാണെന്ന കണ്ടെത്തലിലാണു പിന്‍വലിച്ചത്. അച്ചടിച്ച ആറ് വാള്യങ്ങളിലെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്. ബാക്കി മൂന്നു വാള്യങ്ങള്‍ അച്ചടിക്കേണ്ടെന്ന് അക്കാദമി തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതുപോലെത്തന്നെ സാഹിത്യ അക്കാദമിയുടെ ചരിത്രം പറയുന്ന പുസ്തകവും അച്ചടിച്ച ശേഷം പിന്‍വലിച്ചിരുന്നു.
അക്കാദമിയുമായി ബന്ധപ്പെട്ട പല പ്രമുഖരെയും ഒഴിവാക്കുകയും പല കാര്യങ്ങളും ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പുസ്തകവും പിന്‍വലിച്ചത്. കോടി രൂപയ്ക്ക് മുകളില്‍ വിലവരുന്ന പുസ്തകങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. നിലവിലെ ഉള്ളടക്കവുമായി പുസ്തകങ്ങള്‍ വിതരണം ചെയ്യില്ലെന്ന് ഉറപ്പാണ്. അതേസമയം, പുസ്തകങ്ങള്‍ നശിപ്പിക്കരുതെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അക്കാദമി നിര്‍വാഹകസമിതി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം വൈകാതെ കൈക്കൊള്ളണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it