palakkad local

സാഹസിക ടൂറിസത്തിന് മംഗലം ഡാം ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം ജനുവരിയില്‍

വടക്കഞ്ചേരി: മംഗലംഡാമിലേക്ക് സാഹസിക ടൂറിസത്തിന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. മംഗലം ഡാമിന്റെ പ്രകൃതി രമണീയത പരമാവധി പ്രയോജനപ്പെടുത്തിയാമ് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുക. 4.78 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജനുവരിയില്‍ തന്നെ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്താന്‍ കഴിയുമെന്ന് കെ ഡി പ്രസേനന്‍ എംഎല്‍എ പറഞ്ഞു. മംഗലം ഡാമില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കയറുകളും മറ്റും കെട്ടി സാഹസിക ടൂറിസത്തിന് സൗകര്യമൊരുക്കും. ഊഞ്ഞാലിന്റെയും തൂക്കുപാലത്തിന്റെയും മാതൃകയിലായിരിക്കും പ്രവൃത്തികള്‍ നടത്തുക. ടൂറിസം വകുപ്പിന്റെ കീഴില്‍ നടക്കുന്ന പ്രവൃത്തികള്‍ക്ക് വാപ്‌കോസ് കമ്പനി നേതൃത്വം നല്‍കുക. നിലവിലുള്ള കുട്ടികളുടെ പാര്‍ക്ക് കുറച്ച് കൂടി വിപുലീകരിച്ച് ഡാം കെട്ടിനടുത്തേക്ക് മാറ്റി സ്ഥാപിക്കും. പ്രസ്തുത സ്ഥലത്ത് ഒരു ഓപണ്‍ എയര്‍ ഓഡിറ്റോറിയവും നിര്‍മിക്കും. മംഗലം ഡാമിന്റെ പ്രധാന കേന്ദ്രമായ നക്ഷത്ര ബംഗ്ലാവിന് സമീപം വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ഇതിന് പുറമെ മല്‍സ്യതൊഴിലാളികളുടെ കുട്ട വഞ്ചികള്‍ ഉപയോഗിച്ചും, മുള കൊണ്ടുള്ള ചങ്ങാടങ്ങള്‍ നിര്‍മിച്ചും ഡാമിനുള്ളില്‍ യാത്ര നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. സമീപത്തെ ടൂറിസ്റ്റ് സര്‍ക്യൂട്ടാക്കി മാറ്റാനും ഇതിന്റെ ഭാഗമായി ശ്രമിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ ഡി പ്രസേനന്‍ എംഎല്‍എ യുടെ നേതൃത്വത്തിലുള്ള സംഘം ഡാമില്‍ സന്ദര്‍ശനം നടത്തി. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ്, ആര്‍കിടെക്റ്റ് വിജയകുമാര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സികുട്ടീവ് എന്‍ജിനിയര്‍ എം വി സുനീതി എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it