malappuram local

സാഹസിക ടൂറിസം ലക്ഷ്യമിട്ട് കോട്ടക്കുന്നില്‍ ഡെയര്‍ ഇന്‍ അഡ്വഞ്ചര്‍ പാര്‍ക്ക്



മലപ്പുറം: സാഹസിക ടൂറിസം ലക്ഷ്യമിട്ട് കോട്ടക്കുന്നില്‍ ഡെയര്‍ ഇന്‍ അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങുന്നു. ഡിടിപിസിയുമായി സഹകരിച്ച് ബ്രാന്‍ഡ് റൂട്ട് എന്ന സ്ഥാപനമാണ് പദ്ധതി നടപ്പാക്കുന്നത്. 24ന് വൈകീട്ട് ഏഴിന്് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആദ്യ മനുഷ്യനിര്‍മിത സാഹസിക പാര്‍ക്കാണിതെന്ന് ഇവര്‍ അവകാശപ്പെട്ടു. 32 അടി ഉയരത്തില്‍ തീര്‍ത്ത ഗ്ലാസ് പാലം അസ്തമയവും മലപ്പുറത്തിന്റെ ആകാശ കാഴ്ചയുമൊരുക്കും. സന്ദര്‍ശകര്‍ക്ക് മലപ്പുറത്തിന്റെ ദൃശ്യം ആസ്വദിച്ച് 50 അടി ഉയരത്തിലുള്ള റോപ്പുകളിലൂടെ സൈക്കിള്‍ സവാരി നടത്തുന്ന ഇനമാണ് മറ്റൊന്ന്. സ്‌കൈചാലഞ്ചില്‍ ഒരേ സമയം 30 പേര്‍ക്ക് ഉപയോഗിക്കാവുന്ന 18 ഹൈറോപ്പ് സവാരി ഉയരത്തോടുള്ള ഭയം നീക്കാന്‍ സഹായിക്കും. ഹൈടെക് നഗരങ്ങളിലും വിദേശത്തുമുള്ള പെയിന്റ് ബുള്ളറ്റുകളടങ്ങിയ തോക്കുകളുള്ള പെയിന്റ് ബോളാണ് മറ്റൊരു ഇനം. 46 അടി ഉയരമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള വാള്‍ ക്ലൈംപിംങും ആകര്‍ഷകമായ മറ്റൊരിനമാണ്. സാധാരണ ഫുട്‌ബോളിന് പുറമെ തലമുതല്‍ മുട്ടുവരെ മറയ്ക്കുന്ന ബലൂണിലുള്ള ഫുട്ബാള്‍ കളിയും പാര്‍ക്കിലെ മറ്റൊരു ആകര്‍ഷണമാണ്. വീണാല്‍ പരിക്കേല്‍ക്കില്ലെന്നതാണ് പ്രത്യേകത. കാറ്റു നിറച്ച ബലൂണില്‍ കയറിയുള്ള സോര്‍ബിങ്, അമ്പെയ്ത്ത്, ഡാര്‍ട് ബോര്‍ഡ്, പോയിന്റ് ഷൂട്ടിങ് ഇനങ്ങളുമുണ്ട്. പാര്‍ക്കില്‍ പ്രവേശിക്കാന്‍ പ്രത്യേക നിരക്കില്ല. മുഴുവന്‍ ഇനങ്ങളും ആസ്വദിക്കണമെങ്കില്‍ 750 രൂപയാവും. ഓരോ ഇനത്തിനും 50 രൂപമുതലുള്ള ടിക്കറ്റുമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഹംസ തറമ്മല്‍, ഐറിഷ് വത്സമ്മ പങ്കെടുത്തു.
Next Story

RELATED STORIES

Share it