സാലറി ചാലഞ്ച്: പങ്കെടുക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് കൊച്ചി സിറ്റി പോലിസ്‌

കൊച്ചി: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചില്‍ പങ്കെടുക്കുവാന്‍ വിസമ്മതിച്ച പോലിസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് പുറത്തുവിട്ട് കൊച്ചി സിറ്റി പോലിസ്. സാലറി ചാലഞ്ചില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച 573 പോലിസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പുറത്തുവിട്ടത്.
കൊച്ചി സിറ്റി പോലിസിന്റെ പരിധിയില്‍ വരുന്ന 60ഓളം സ്റ്റേഷനുകളിലേക്ക് സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ലിസ്റ്റ് അയച്ചത്. ലിസ്റ്റ് പരസ്യമായി പ്രസിദ്ധീകരിച്ചതോടെ പോലിസുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. നിര്‍ബന്ധപൂര്‍വം വേതനം ആവശ്യപ്പെടുവാന്‍ പാടില്ലെന്ന് നിര്‍ദേശം നിലനില്‍ക്കെ ഇത്തരത്തില്‍ ലിസ്റ്റ് പരസ്യപ്പെടുത്തിയതിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന് ഒരുവിഭാഗം പോലിസുകാര്‍ ആരോപിക്കുന്നു.
വിസമ്മതപത്രം കൊടുത്തവരുടെ ശമ്പളം ഒരു കാരണവശാലും റദ്ദ് ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഏതെങ്കിലും കാരണവശാല്‍ ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിനാണ് വിസമ്മതം അറിയിച്ചവരുടെ ലിസ്റ്റ് സ്റ്റേഷനുകളിലേക്ക് നല്‍കിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വിസമ്മതം അറിയിച്ച പോലിസ് ഉദ്യോഗസ്ഥരില്‍ ആരുടെയെങ്കിലും പേര് ലിസ്റ്റില്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു മുമ്പ് അറിയിക്കണമെന്നും അറിയിപ്പായി നല്‍കിയിരുന്നു. ഓഖി സമയത്ത് വേതനവിഹിതം നല്‍കാന്‍ സമ്മതം അറിയിക്കാതിരുന്ന 33 പേരില്‍ നിന്ന് പണം പിടിച്ചിരുന്നു.
സാങ്കേതികമായി സംഭവിച്ച പിഴവായിരുന്നുവെന്ന് അന്ന് അധികൃതര്‍ സമ്മതിച്ചിരുന്നു. പിന്നീട് ബില്ല് സെക്ഷനില്‍ ഇരുന്ന നാല് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഈ തുക പിടിക്കുകയാണ് ഉണ്ടായതെന്നും വിശദീകരണം വന്നു. ഇന്നു ശമ്പള ബില്ല് കൊടുക്കണമെന്നിരിക്കെ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും അധികൃതര്‍ വാദിക്കുന്നു.

Next Story

RELATED STORIES

Share it