സാലറി ചലഞ്ച്: വിസമ്മതപത്രം നല്‍കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്നും താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ധനകാര്യ അഡീഷനല്‍ സെക്രട്ടറി കഴിഞ്ഞമാസം 11ന് ഇറക്കിയ ഉത്തരവിലെ 10ാം വ്യവസ്ഥയാണ് കേരള എന്‍ജിഒ സംഘ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തികസ്ഥിതി അനുസരിച്ച് ജീവനക്കാര്‍ സംഭാവന നല്‍കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സംഘടനയുടെ ഹരജി ഒരു മാസത്തിനകം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) തീര്‍പ്പാക്കണമെന്നും അതിനു സാധിച്ചില്ലെങ്കില്‍ ഇടക്കാല ആശ്വാസമായി സംഘടന ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിസമ്മതപത്രം നല്‍കിയവര്‍ മോശക്കാരാണെന്ന പ്രചാരണം നടക്കുന്നുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചു. സ്വാഭിമാനത്തോടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാക്കുന്നതെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, ഉത്തരവില്‍ യാതൊരു കുഴപ്പവുമില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ (എജി) ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത പിരിവ് പാടില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയും വിവിധ വകുപ്പുകളും ഇറക്കിയ ഉത്തരവുകള്‍ അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിലെ വിവാദ വ്യവസ്ഥ ജീവനക്കാരെ സംഭാവന നല്‍കാന്‍ നിര്‍ബന്ധിക്കുന്നതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നു വ്യക്തമാക്കിയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it