kozhikode local

സാലറി ചലഞ്ച് ഭൂരിഭാഗം അധ്യാപകരും തള്ളി

കോഴിക്കോട്: ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പിടിച്ചുവാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും തണുത്ത പ്രതികരണം. ശമ്പളം നല്‍കുന്നതില്‍ എതിര്‍പ്പുള്ളവര്‍ വിസമ്മതം അറിയിക്കേണ്ട അവസാന തിയ്യതിയായ ഇന്നലെ ജില്ലയിലെ ഭൂരിഭാഗം അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കുന്നതിനോട് വിമുഖത കാട്ടി. ഇവരുള്‍പ്പെടെ 60 ശതമാനം ജീവനക്കാരാണ് വിസമ്മതപത്രം നല്‍കിയത്. നിര്‍ബന്ധിതമായി ശമ്പളം പിടിച്ചുവാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഇത് തിരിച്ചടിയായി.
അധ്യാപക മേഖലയില്‍ നിന്നുള്ള ലഭ്യമായ കണക്കുകള്‍പ്രകാരം ഭൂരിഭാഗം പേരും ശമ്പളം നിര്‍ബന്ധപൂര്‍വം നല്‍കാനാവില്ലെന്ന് അറിക്കുകയായിരുന്നു. എന്നാല്‍ സ്ഥലംമാറ്റ ഭീഷണി ഉള്‍പ്പെടെ നേരിടുന്നതിനാല്‍ ജീവനക്കാരില്‍ പലരും പാതിമനസ്സോടെയാണ് സാലറി ചലഞ്ചില്‍ പങ്കാളികളായത്.
ബേപ്പൂര്‍ ഹൈസ്‌കൂളില്‍ 56 അധ്യാപകരില്‍ 51 പേരും മീഞ്ചന്ത ഗവ. ഹൈസ്‌കൂളില്‍ 77 അധ്യാപകരില്‍ 65 പേരും പേരാമ്പ്ര ഹൈസ്‌കൂളില്‍ 73ല്‍ 55 പേരും വിസമ്മതം അറിയിച്ചു. പൂനൂര്‍ ഹൈസ്‌കൂളില്‍ 45 അധ്യാപകരില്‍ 43 പേരും എലത്തൂര്‍ സിഎംസി ഗേള്‍സില്‍ 26ല്‍ 22 പേരും സിഎംസി ബോയ്‌സില്‍ 24ല്‍ 21 പേരും എരഞ്ഞിക്കല്‍ പിവിഎസില്‍ 28ല്‍ 26 പേരും രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ 42ല്‍ 34 പേരും ആഴ്ചവട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15ല്‍ 10 അധ്യാപകരും വിസമ്മതം അറിയിച്ചു. സമാനമായ അവസ്ഥയാണ് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും. താമരശ്ശേരി ജില്ലാ ട്രഷറിയില്‍ 30ല്‍ 16 പേരും വടകര എസ്പി ഓഫിസില്‍ 64ല്‍ 45 പേരും വിസമ്മതം അറിയിച്ചു. മിക്ക സര്‍ക്കാര്‍ ഓഫിസുകളിലും ഡ്രോയിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ (ഡിഡിഒ) മാര്‍ മുഖേന നിര്‍ബന്ധിതമായ് ഒരുമാസത്തെ വേതനം നല്‍കാമെന്ന് എഴുതി വാങ്ങിക്കുകയായിരുന്നു.സാലറി ചലഞ്ച് ജീവനക്കാരും അധ്യാപകരും തള്ളിയെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ഐക്യവേദിയായ യുടിഇഎഫ് അറിയിച്ചു.
Next Story

RELATED STORIES

Share it