സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് രാജിവച്ചു. കഴിഞ്ഞ ഒക്ടാബറില്‍ അവര്‍ രാജി നല്‍കിയെങ്കിലും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സോമനാഥ് ഭാരതിയുടെ കേരള സന്ദര്‍ശന വേളയിലാണ് രാജി സ്വീകരിച്ചത്. സംസ്ഥാന സമിതിയുടെ കാലാവധി തീര്‍ന്നതിനാല്‍ പുതിയ തിരഞ്ഞടുപ്പ് നടത്തണമെന്ന നിലപാടാണ് സാറാ ജോസഫ് മുന്നോട്ടുവച്ചത്. ഇതിനോട് സംസ്ഥാന നേതാക്കളടക്കം വിയോജിച്ചതാണ് രാജിയിലേക്കു നീങ്ങാന്‍ കാരണം.
ആം ആദ്മി പാര്‍ട്ടിയില്‍ തെക്കന്‍ മേഖലയുടെ ചുമതലയുള്ള സോമനാഥ് ഭാരതി കഴിഞ്ഞദിവസം കേരളത്തിലെത്തിയപ്പോള്‍ സുവിശേഷകന്‍ തങ്കു ബ്രദറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്കു ബ്രദറിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു സോംനാഥ് ഭാരതി കേരളത്തിലെത്തിയത്. ആം ആദ്മി പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെതിരേ നിലപാടെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയായിരുന്നു സോമനാഥ് ഭാരതിയുടെ സന്ദര്‍ശനം. ആത്മീയ നേതാക്കളുമായും അഴിമതി ആരോപണമുള്ളവരുമായും നേതാക്കള്‍ സൗഹൃദം പങ്കുവയ്ക്കുന്നത് പാര്‍ട്ടിയില്‍ അതൃപ്തികള്‍ ഉയര്‍ന്നിരുന്നു.
ജനങ്ങളോടുള്ള ബാധ്യത പരമപ്രധാനമാണെന്നും സംശയത്തിന് ഇടനല്‍കുന്ന വിധത്തില്‍ നേതൃത്വം പ്രവര്‍ത്തിച്ചാല്‍ അത് അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടാണ് സാറാ ജോസഫ് ഉയര്‍ത്തിയത്. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയല്ല രാജിക്കു പിന്നിലെന്ന് സാറാ ജോസഫ് പറഞ്ഞു. കഴിഞ്ഞ ഓക്ടോബറില്‍ നല്‍കിയ രാജി ഇപ്പോഴാണ് നേതൃത്വം സ്വീകരിച്ചതെന്നും ഇതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും സാറാ ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it