സാര്‍ഥകമാവുന്ന പ്രതീക്ഷകള്‍

സാര്‍ഥകമാവുന്ന പ്രതീക്ഷകള്‍
X


നിറയെ സ്വപ്‌നങ്ങളും പുത്തന്‍ പ്രതീക്ഷകളുമായി സ്‌കൂളുകളിലേക്കു കടന്നുവരുന്ന പുതുതലമുറയെ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതം ചെയ്യുന്നു. അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും സാര്‍ഥകമാക്കുക എന്നതാണ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ലക്ഷ്യം. ആ പരിശ്രമങ്ങള്‍ക്കൊപ്പം നിന്ന് ലക്ഷ്യത്തെ പ്രോജ്വലമാക്കുക എന്ന ചുമതലയാണ് അധ്യാപക-അനധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും മാതാപിതാക്കള്‍ക്കും നിര്‍വഹിക്കാനുള്ളത്. സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍ സമൂഹത്തില്‍ ഉണ്ടാവുന്ന സാമൂഹിക-സാംസ്‌കാരിക വികാസം വരുംതലമുറയ്ക്ക് കൂടുതല്‍ കരുത്തു നല്‍കും. ഈ സുവര്‍ണ പ്രതീക്ഷയ്ക്ക് സമാരംഭം കുറിക്കുന്ന ജൂണ്‍ 1 പ്രവേശനോല്‍സവമായി കേരളം ആഘോഷിക്കുകയാണ്. മലയാള ഭാഷയുടെ പുഞ്ചിരി കൂടി സൗരഭ്യം പരത്തുമ്പോള്‍ പുതുവസന്തം വിരിയാനുള്ള ഭൂമിക ഒരുങ്ങിയിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഈ മഹോല്‍സവത്തില്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ഥിക്കുന്നു. 2017-18 അധ്യയന വര്‍ഷം കേരളം വിദ്യാഭ്യാസരംഗത്ത് മൗലികമായ നിരവധി മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നതാണ് വിദ്യാഭ്യാസം എന്ന നിര്‍വചനം സാക്ഷാല്‍ക്കരിക്കാവുന്ന രീതിയിലാണ് വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ കാണുന്നത്. സമഗ്രമാണ് വിദ്യാഭ്യാസം എന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിശ്വസിക്കുന്നു. വിഷയപഠനത്തോടൊപ്പം കുട്ടിയുടെ സര്‍ഗപരമായ എല്ലാ കഴിവുകളെയും വളര്‍ത്തുകയും പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലുള്ള സ്ഥൂല-സൂക്ഷ്മ ബന്ധങ്ങളെ കുറിച്ചുകൂടി പഠിക്കുകയും ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ ഈ വര്‍ഷം മുഴുവന്‍ ശ്രമിക്കും. ഈ അധ്യയന വര്‍ഷം എല്ലാ ക്ലാസുകളിലും 1000 മണിക്കൂര്‍ പഠനം ഒരുക്കാനുള്ള വലിയ ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഓണം, ക്രിസ്മസ്, മോഡല്‍, ഫൈനല്‍ പരീക്ഷകള്‍ എന്നെല്ലാം നടക്കുമെന്നു നേരത്തെത്തന്നെ പ്രഖ്യാപിക്കും. അതുകൊണ്ടുതന്നെ വിഷയങ്ങള്‍ ചിട്ടപ്പെടുത്തി പഠിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിയും. ഓരോ അധ്യാപകനും ഇതനുസരിച്ച് അക്കാദമിക് കലണ്ടര്‍ തന്നെ തയ്യാറാക്കി പാഠ്യഭാഗങ്ങള്‍ യഥാസമയം തീര്‍ക്കാനും തുടര്‍പരിശോധന നടത്തുന്നതിനും ശ്രദ്ധിക്കണം. ഓരോ ക്ലാസിലെയും എല്ലാ കുട്ടികളും പഠിക്കേണ്ട കാര്യങ്ങള്‍ പഠിച്ചുവെന്ന് ഉറപ്പുവരുത്തുന്നതാണ് അധ്യാപകന്റെ കടമ. വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസ പ്രക്രിയയുടെ മര്‍മം ഇതാണ്. ഓരോ കുട്ടിയെയും തുടര്‍ച്ചയായി വിലയിരുത്തി പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ അതു പരിഹരിച്ചു വേണം മുന്നോട്ടുപോവാന്‍. അപ്പോള്‍ മാത്രമേ അക്കാദമിക മികവ് സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ്. ആ മികവിനെ അന്താരാഷ്ട്രതലത്തില്‍ എത്തിക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യത്തോടൊപ്പം മലയാള പഠനം കൂടിയാവുമ്പോള്‍ സമൂഹത്തിന്റെയും ആവാസവ്യവസ്ഥയുടെയും എല്ലാ സ്പന്ദനങ്ങളും തിരിച്ചറിയാനാവും എന്നതിനാല്‍ സമഗ്രമായ അക്കാദമിക മികവു തന്നെ നേടാനാവും. അധ്യാപനത്തോടും പഠനത്തോടുമൊപ്പം പരീക്ഷയ്ക്കും നിലവിലുള്ള വ്യവസ്ഥയില്‍ വലിയ സ്ഥാനമുണ്ട്. ഈ രംഗത്തും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരീക്ഷാ പരിഷ്‌കരണം ഈ അക്കാദമിക വര്‍ഷത്തിലെ പ്രധാന അജണ്ടയാണ്. 1 മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ പരീക്ഷകളും സര്‍ക്കാര്‍ നേരിട്ടു നടത്തും. പാഠപുസ്തകം ആസ്പദമാക്കിയുള്ള ചോദ്യബാങ്ക് രൂപീകരിക്കും. സെന്‍ട്രല്‍ പോര്‍ട്ടലില്‍ അതു പ്രസിദ്ധീകരിക്കും. ഇതിലൂടെ പരീക്ഷ സംബന്ധിച്ചുള്ള ഇന്നത്തെ പല ദുഃസ്വാധീനങ്ങളും ഇല്ലാതാക്കുന്നതിനും പരീക്ഷയെക്കുറിച്ച് കുട്ടികള്‍ക്കുള്ള ഭയം കുറയ്ക്കാനും കഴിയും. ചോദ്യബാങ്ക് പരീക്ഷാരംഗത്ത് ഒരു നാഴികക്കല്ലാവും എന്നു കരുതുന്നു. പരീക്ഷയുടെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ചോദ്യപേപ്പറും ഈ വര്‍ഷം പരീക്ഷിക്കും. പരീക്ഷകള്‍ കൃത്യസമയത്തുതന്നെ നടക്കുന്നതിനും നിശ്ചിത സമയത്തുതന്നെ റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനും ആയിരിക്കും ഈ വര്‍ഷത്തെ മറ്റൊരു പ്രധാന ശ്രദ്ധ. സ്വകാര്യ ട്യൂഷനും ഗൈഡ് സംസ്‌കാരവും എന്‍ട്രന്‍സ് ഭ്രമവും നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്ത് അപകടകരമായ പല പ്രവണതകളും സൃഷ്ടിച്ചിട്ടുണ്ട്. ഇതു നല്ലതല്ല. അതുകൊണ്ടുതന്നെ ഈ പ്രവണതകളെ നിരുല്‍സാഹപ്പെടുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ഈ പ്രശ്‌നത്തെ അത്യന്തം ഗൗരവത്തോടെ തന്നെയാണ് സര്‍ക്കാര്‍ വീക്ഷിക്കുന്നത്. അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമാണ്. അങ്ങനെത്തന്നെ അതിനെ കാണും. വിദ്യാഭ്യാസരംഗത്തെ അനഭിലഷണീയമായ പ്രവണതകളെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ അഴിമതി ഇല്ലാതാക്കാന്‍ വിജിലന്‍സ് വകുപ്പുമായി സഹകരിച്ച് “എജ്യൂവിജില്‍’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണത്തിനു വേണ്ടി ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 45,000 ക്ലാസ്മുറികള്‍ ഈ അക്കാദമിക വര്‍ഷത്തില്‍ ഹൈ ടെക് ക്ലാസുകളാക്കി മാറ്റും. ഇതിനായി കിഫ്ബിയില്‍ നിന്നു 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അക്കാദമിക മികവ് അന്താരാഷ്ട്രതലത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൗതിക സാഹചര്യങ്ങളും കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഇതിനായി 1000 സ്‌കൂളുകളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 200 കോടി രൂപയുടെ പദ്ധതി കിഫ്ബിയിലേക്കു സമര്‍പ്പിച്ചുകഴിഞ്ഞു. ഈ വര്‍ഷം 140 മണ്ഡലങ്ങളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്തുക എന്നതു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഓട്ടിസം പാര്‍ക്കുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ജനകീയവല്‍ക്കരണത്തിലൂടെയും ജനാധിപത്യവല്‍ക്കരണത്തിലൂടെയും സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഉജ്വല മാതൃക സൃഷ്ടിച്ച കേരളം, വൈജ്ഞാനിക മേഖലകളിലെ മഹത്തായ നേട്ടങ്ങളെ സ്വാംശീകരിച്ച്, വിദ്യാഭ്യാസരംഗത്തെ ആധുനികവല്‍ക്കരിക്കുന്നതിനും അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള പരിശ്രമങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.                                                               വിദ്യാഭ്യാസമന്ത്രിയാണ് ലേഖകന്‍
Next Story

RELATED STORIES

Share it