Flash News

സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ; എന്‍ഐഎ റെയ്ഡ് ഇന്നലെയും തുടര്‍ന്നു

സായുധ പ്രവര്‍ത്തനങ്ങള്‍ക്ക്  ധനസഹായം ; എന്‍ഐഎ  റെയ്ഡ് ഇന്നലെയും  തുടര്‍ന്നു
X


ന്യൂഡല്‍ഹി: കശ്മീരില്‍ സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നുവെന്ന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് ഇന്നലെയും തുടര്‍ന്നു. കശ്മീരില്‍ നാലും ജമ്മുവില്‍ ഒന്നും അടക്കം ജമ്മു-കശ്മീരില്‍ നാലിടത്ത് എന്‍ഐഎ സംഘം ഇന്നലെ  തിരച്ചില്‍ നടത്തി. മുതിര്‍ന്ന ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുമായി ബന്ധമുള്ള തെഹ്‌രീകെ ഹുര്‍റിയത്തിന്റെ ഓഫിസുകളിലും സംഘടനയുമായി ബന്ധമുള്ള ജാവീദ് അഹ്മദ് ബാബയുടെ വീട്ടിലും തിരച്ചില്‍ നടത്തിയതായി എന്‍ഐഎ അറിയിച്ചു. ഗീലാനിയുടെ സഹായിയായ അയാസ് അക്ബര്‍, വ്യവസായി ഫാറൂഖ് ബാഗൂ എന്നിവരുടെ വീടുകളും സംഘം പരിശോധിച്ചു. തിരച്ചിലില്‍ പാകിസ്താന്‍, സൗദി, യുഎഇ കറന്‍സികള്‍ പിടിച്ചെടുത്തതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ആസ്ഥാനമായ സായുധ സംഘടനകളില്‍ നിന്നു കശ്മീരിലേക്ക് ഹവാലാ ഇടപാടിലൂടെ പണമെത്തുന്നതായുള്ള സ്റ്റിങ് ഓപറേഷന്‍ വാര്‍ത്തയെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്. കേസിന്റെ ഭാഗമായി നഈം ഖാന്‍, ഫാറൂഖ് അഹ്മദ് ദര്‍, ജാവീദ് അ—ഹ്മദ് ബാബ എന്നിവരെ കഴിഞ്ഞ വാരം എന്‍ഐഎ ഡല്‍ഹിയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. നേരത്തേ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ എന്‍ഐഎ ശനിയാഴ്ചയാണ് തിരച്ചില്‍ നടപടികള്‍ ആരംഭിച്ചത്. ജമ്മു-കശ്മീരിലും ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലുമായി 15 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ശനിയാഴ്ച നടത്തിയ തിരച്ചിലില്‍ 1.5 കോടി രൂപയും സുപ്രധാന രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചിരുന്നു. കശ്മീരിലെ വിവിധ സംഘടനകളുടെ നേതാക്കളുടെയും വ്യവസായികളുടെയും ബന്ധുക്കളുടെയും വീടുകളിലായിരുന്നു തിരച്ചില്‍ നടത്തിയത്. നേരത്തേ ഡല്‍ഹിയില്‍ വച്ച് എന്‍ഐഎ ചോദ്യം ചെയ്ത നഈം ഖാന്‍, ഫാറൂഖ് അഹ്മദ് ദര്‍ എന്നിവരുടെ വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it