World

സായുധാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ കുട്ടികള്‍

ജനീവ: ലോകത്താകമാനമുണ്ടായ സായുധ ആക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടതു 10000ത്തിലേറെ കുട്ടികള്‍. ലൈംഗികാതിക്രമം, ബലംപ്രയോഗിച്ച് സൈന്യത്തില്‍ ചേര്‍ക്കല്‍ തുടങ്ങി 21000ത്തിലേറെ യുദ്ധക്കുറ്റങ്ങള്‍ കഴിഞ്ഞവര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ വാര്‍ഷിക റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യമനില്‍ യുഎസ് പിന്‍തുണയോടെയുള്ള അറബ്‌സഖ്യം അഴിച്ചുവിട്ട ആക്രമണങ്ങളില്‍ മാത്രം 1300ഓളം കുട്ടികളാണു കൊല്ലപ്പെടുകയോ, ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതെന്നു യുഎന്‍ റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
യമനിലെ ഹൂഥി വിമതര്‍ക്കെതിരേ നടത്തിയ കര, വ്യോമ ആക്രമണങ്ങളാണ് ഇത്രയേറെ കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ കാരണമായത്. യമനില്‍ 11 വയസ്സു മുതലുള്ള കുട്ടികളെ സൈന്യത്തിന്റെ ഭാഗമാക്കുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.
മ്യാന്‍മര്‍, ഇറാഖ്, കോംഗോ, സുദാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളിലാണു കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത്. നൈജീരിയയില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 881 കുട്ടികളാണു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. ഇവരെ മനുഷ്യബോംബായി ഉപയോഗിക്കുകയായിരുന്നു. ബോകോ ഹറമിന്റെ ആക്രമണങ്ങളില്‍ ഇവിടെ 1900 കുട്ടികള്‍ വേറെയും കൊല്ലപ്പെട്ടു. ഐഎസ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 1036 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദക്ഷിണ സുദാനില്‍ 1221 കുട്ടികളും സോമാലിയയില്‍ 1600 കുട്ടികളും സായുധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും റിപോര്‍ട്ടിലുണ്ട്.
കുട്ടികള്‍ നേരിടേണ്ടിവരുന്ന നിശ്ശബ്ദമായ ആക്രമണങ്ങളെക്കുറിച്ചാണു റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ കുട്ടികളെല്ലാം മറ്റു കുട്ടികളെപ്പോലെ എല്ലാവിധ അവകാശങ്ങളും ഉള്ളവരാണെന്നും അര്‍ഥവത്തായ ജീവിതം ഇവര്‍ അര്‍ഹിച്ചിരുന്നുവെന്നും ഐക്യരാഷ്ട്ര സഭാ പ്രതിനിധി വിര്‍ജീനിയ ഗാംബ റിപോര്‍ട്ട് പുറത്തിറക്കിക്കൊണ്ടു പറഞ്ഞു.
Next Story

RELATED STORIES

Share it