സായുധസംഘങ്ങളുമായി ചര്‍ച്ചയ്ക്കില്ല: അസദ്

ദമസ്‌കസ്: രാഷ്ട്രീയപ്പാര്‍ട്ടികളുടേതു പോലെ സായുധസംഘങ്ങളോട് ചര്‍ച്ച നടത്തില്ലെന്നു സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്.
ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ യുഎസിനും ഫ്രാന്‍സിനും ആത്മാര്‍ഥതയില്ലെന്നും തുര്‍ക്കിയാണ് ഐഎസിന്റെ ജീവനാഡിയെന്നും അസദ് ആരോപിച്ചു. സ്പാനിഷ് ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അസദ് ഇക്കാര്യം പറഞ്ഞത്. വരുന്ന ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സായുധസംഘങ്ങളെ കൂടി പങ്കെടുപ്പിക്കാനാണ് യുഎസും സൗദിയും ശ്രമിക്കുന്നത്.
അത്തരം ചര്‍ച്ചകളെ സിറിയന്‍ ജനത അംഗീകരിക്കില്ലെന്നും അസദ് പറഞ്ഞു. ഈ ആഴ്ച റിയാദില്‍ സമ്മേളിച്ച പ്രതിപക്ഷം അവരുടെ പ്രവര്‍ത്തനരീതി മാറ്റുകയും ആയുധം ഉപേക്ഷിക്കുകയും ചെയ്താല്‍ ഒരു രാഷ്ട്രീയ ശക്തിയോടെന്ന പോലെ അവരോട് ഇടപെടുമെന്ന് അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
യുഎസിന്റെ ഭീകരതാ വിരുദ്ധ പോരാട്ടം ആത്മാര്‍ഥതയില്ലാത്തതാണെന്നും അവരാണ് സിറിയയില്‍ തുടക്കം മുതല്‍ അതിന് രാഷ്ട്രീയ മറയിട്ടുകൊടുത്തതെന്നും അസദ് ആരോപിച്ചു.
Next Story

RELATED STORIES

Share it