സായിബാബയ്ക്ക് താല്‍ക്കാലിക ജാമ്യം

ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫ. ജി എന്‍ സായിബാബയ്ക്കു ബോംബെ ഹൈക്കോടതി മൂന്നു മാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചത് ആശ്വാസകരമാണ്. ഒരു വര്‍ഷത്തിലേറെയായി  നാഗ്പൂര്‍ ജയിലില്‍ തടവിലാണ് സായിബാബ. 2014 മെയ് 9നു ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ ഒരു സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയത് മഹാരാഷ്ട്ര പോലിസാണെന്നു മനസ്സിലായത്. പിന്നീട് മാവോവാദിബന്ധം ആരോപിച്ച് അദ്ദേഹത്തെ തടവിലിടുകയായിരുന്നു. കടുത്ത ശാരീരിക വൈകല്യം നേരിടുന്ന, വീല്‍ചെയറില്‍ സഞ്ചരിക്കുന്ന സായിബാബയെ വീട്ടില്‍ നിന്നോ കാംപസില്‍ നിന്നോ അറസ്റ്റ് ചെയ്യാതെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നതില്‍നിന്നുതന്നെ പോലിസിന്റെ നീക്കം നികൃഷ്ടവും നിഗൂഢവുമാണെന്നു വ്യക്തമാണ്.

എന്തുകൊണ്ടാണ് സായിബാബയെ ഭരണകൂടം ഭയപ്പെട്ടത്? അതിനു പിന്നിലെ രാഷ്ട്രീയം സ്പഷ്ടമാണ്. 2009 സപ്തംബറില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരം 'ഓപറേഷന്‍ ഗ്രീന്‍ഹണ്ട്' എന്ന പേരില്‍ മാവോവാദികള്‍ക്കെതിരേ ആരംഭിച്ച നരവേട്ടയുടെ ഭാഗമായാണ് സായിബാബയും അറസ്റ്റ് ചെയ്യപ്പെടുന്നത്. സാല്‍വാജുദൂം എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഗുണ്ടാസംഘം നടത്തിക്കൊണ്ടിരുന്ന ഓപറേഷനുകളുടെ തുടര്‍ച്ച തന്നെയായിരുന്നു ഓപറേഷന്‍ ഗ്രീന്‍ഹണ്ടും. വനമേഖലകളിലെ ആദിവാസികളെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി നിയമവിരുദ്ധമായി കുടിയൊഴിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു മാവോവാദിവേട്ട. യു.പി.എ. സര്‍ക്കാര്‍ നിയമവിരുദ്ധമായി ആദിവാസികളുടെ ശല്യം തീര്‍ക്കാനാണ് ശ്രമിച്ചതെങ്കില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്ന് കുടിയൊഴിപ്പിക്കല്‍ നിയമവിധേയമാക്കാനാണ് ശ്രമിക്കുന്നത്. ഈ അനീതിക്കെതിരേ ശബ്ദിച്ചതാണ് സായിബാബയെ ശത്രുവായി കാണാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

യു.എ.പി.എ. വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനം, ഭീകരസംഘടനയില്‍ അംഗമാകല്‍, ഗൂഢാലോചന, ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനു മേല്‍ ചാര്‍ത്തിയത്. സായിബാബയുടെ മോചനത്തിനു വേണ്ടി ഉയര്‍ന്ന ശബ്ദങ്ങള്‍ ഭരണകൂടം അവഗണിച്ചെങ്കിലും നീതിപീഠം അദ്ദേഹത്തോട് കാരുണ്യം കാട്ടി. താല്‍ക്കാലികമായെങ്കിലും സായിബാബയെ മോചിപ്പിച്ചില്ലെങ്കില്‍ ജീവന്‍ അപകടാവസ്ഥയിലാവുമെന്നും, അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെടുമെന്നു ഭയപ്പെടുന്നുവെന്നുമാണ് കോടതി പറഞ്ഞത്. ഗുരുതരമായ രോഗങ്ങള്‍ സായിബാബയ്ക്ക് ഉണെ്ടന്നറിയാമായിരുന്നിട്ടും ചികില്‍സ നല്‍കുന്നതില്‍ അധികൃതരും  പോലിസും തടസ്സം നില്‍ക്കുകയായിരുന്നു. മൃഗത്തോടെന്നപോലെയാണ് പോലിസ് സായിബാബയോട് പെരുമാറുന്നതെന്നുവരെ കോടതി വിമര്‍ശിച്ചു. നീതിക്കു വേണ്ടി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ തടവറകളില്‍ തളയ്ക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ലജ്ജം ശ്രമിക്കുമ്പോള്‍ ഇത്തരം കോടതിവിധികളാണ് അല്‍പ്പമെങ്കിലും ആശ്വാസമാവുന്നത്.
Next Story

RELATED STORIES

Share it