Flash News

സാമ്പത്തിക-സാമൂഹിക സര്‍വേ ഫലം വൈകുന്നത് പിന്നാക്ക സമുദായത്തിന് തിരിച്ചടി



കൊച്ചി: സാമ്പത്തിക-സാമൂഹിക സര്‍വേയുടെ ഫലം സമര്‍പ്പിക്കുവാന്‍ വൈകുന്നതിനാല്‍ അര്‍ഹതപ്പെട്ട അംഗീകാരം പിന്നാക്ക സമുദായങ്ങള്‍ക്കു നിഷേധിക്കപ്പെടുന്നതായി പിന്നാക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി ശിവരാജന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ പിന്നാക്ക സമുദായ സിറ്റിങില്‍ പരാതികള്‍ കേള്‍ക്കുന്നതിനിടയിലാണ് ജസ്റ്റിസ് ജി ശിവരാജന്‍ ഈ പരാമര്‍ശം നടത്തിയത്. പിന്നാക്ക സമുദായങ്ങള്‍ക്ക് പലമേഖലകളിലും നേരിയ സംവരണമാണു നല്‍കിവരുന്നത്. അര്‍ഹരായ പല സമുദായങ്ങളും ഇപ്പോഴും സംവരണാനുകൂല്യങ്ങള്‍ക്കു വെളിയിലാണ്. ഇവരെ ഉള്‍ക്കൊള്ളിച്ച് പിന്നാക്ക സമുദായത്തെ വികസിപ്പിക്കണമെങ്കില്‍ കൃത്യമായ കണക്കുകള്‍ ആവശ്യമാണ്. ഇതിനു സാമ്പത്തിക-സാമൂഹിക സര്‍വേയുടെ കണക്കുകള്‍ ലഭിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു. ഒബിസി ലിസ്റ്റുകളിലുള്ള പല വിഭാഗങ്ങളും വിദ്യാഭ്യാസ സംവരണത്തിനായുള്ള എസ്ഇബിസി ലിസ്റ്റില്‍ ഇല്ല. സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്റെ കണക്കുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവയിലെ അപാകതകള്‍ പരിഹരിക്കുവാനാണ് കമ്മീഷന്റെ ശ്രമം. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും കമ്മീഷന്‍ പറഞ്ഞു. കുംഭാരന്‍ സമുദായത്തിലെ വിവിധ വിഭാഗങ്ങളെ ഒരു പൊതുനാമത്തിന്‍ കീഴിലാക്കി ഗസറ്റ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു.  നായിഡു വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷയും കമ്മീഷന്‍ സിറ്റിങില്‍ പരിഗണിച്ചു.എസ്ഇബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബിരുദാനന്തര കോഴ്‌സുകളിലും ആര്‍ട്‌സ് സയന്‍സ് കോളജുകളിലെ പ്രവേശനത്തിനും ആംഗ്ലോ ഇന്ത്യന്‍സ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണം നല്‍കുന്നില്ലെന്ന വിഷയം മുന്‍ എംപി ചാള്‍സ് ഡയസ് കമ്മീഷന് മുമ്പില്‍ അവതരിപ്പിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്ത നാല് പരാതികള്‍ കൂടാതെ സിറ്റിങ് സമയത്ത് ലഭിച്ച 18 പരാതികളുടെയും വിശദാംശങ്ങള്‍ കമ്മീഷന്‍ ശേഖരിച്ചു.
Next Story

RELATED STORIES

Share it