സാമ്പത്തിക സര്‍വേ റിപോര്‍ട്ട് : സാമ്പത്തിക വളര്‍ച്ച 7 മുതല്‍ 7.5% വരെ

സാമ്പത്തിക സര്‍വേ റിപോര്‍ട്ട് : സാമ്പത്തിക വളര്‍ച്ച 7 മുതല്‍ 7.5% വരെ
X
കെ എ സലിം

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച അടുത്ത സാമ്പത്തികവര്‍ഷം ഏഴു മുതല്‍ 7.5 ശതമാനം വരെയാവുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വേ റിപോര്‍ട്ട്. ബജറ്റിനു മുന്നോടിയായുള്ള സര്‍വേ റിപോര്‍ട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയുടെ മേശപ്പുറത്തു വച്ചു.
arun-jaitlyസാമ്പത്തിക വളര്‍ച്ച അടുത്ത രണ്ടുവര്‍ഷത്തിനകം എട്ടുശതമാനമായി ഉയരും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞത് ധനകമ്മി കുറച്ചു.3.9 ശതമാനമാണ് നിലവിലെ ധനകമ്മി. ഏഴാം ശമ്പള കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുമ്പോള്‍ ധനകമ്മി ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സമ്പദ്ഘടന പുരോഗതിയുടെ പാതയിലാണ്. 2014-15 സാമ്പത്തിക വര്‍ഷം 7.2 ആയിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്ക്. ഇത് ഈ സാമ്പത്തിക വര്‍ഷം 7.6 ശതമാനമായി മാറുമ്പോള്‍ ലോകത്തെ വേഗമേറിയ വളര്‍ച്ചാനിരക്കാവും.
2015-2016 വര്‍ഷത്തേതില്‍നിന്ന് കുറവാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക്. നേരത്തേ പുറത്തിറക്കിയ അര്‍ധവാര്‍ഷിക റിപോര്‍ട്ടില്‍ 8.1 മുതല്‍ 8.5 വരെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. ആഗോള സാമ്പത്തികമേഖല മാന്ദ്യത്തില്‍ തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ അതു ബാധിക്കും. ആഗോള സാഹചര്യങ്ങളെ അതിജീവിച്ച് വളര്‍ച്ച പിടിച്ചുനിര്‍ത്തുകയെന്നത് കടുത്ത വെല്ലുവിളിയാവും. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ മാത്രമല്ല, സാധാരണഗതിയിലുള്ള മഴയുടെ അഭാവവും തിരിച്ചടിയാവും. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചാല്‍ അതും പ്രതികൂലമായി ബാധിക്കും. സാമ്പത്തികസുസ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന റിപോര്‍ട്ട്, വരുംകാലങ്ങളില്‍ ലോകത്തെ പ്രധാന നിക്ഷേപകേന്ദ്രമായി തുടരാന്‍ ഇന്ത്യക്ക് കഴിയുമെന്നും പറയുന്നു. വിദേശനാണ്യശേഖരം 34,906 കോടി യുഎസ് ഡോളറായി ഉയര്‍ന്നു. ബാങ്കുകളുടെ ശരാശരി കടമെടുക്കല്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിഭവസമാഹരണത്തില്‍ അതിവേഗത്തിലുള്ള വര്‍ധനയുണ്ടായി. ഈ കാലത്ത് 71 കമ്പനികള്‍ 51,311 കോടി രൂപ മൂലധനവിപണിയില്‍ സമാഹരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 11,581 കോടി മാത്രമായിരുന്നു. മ്യൂച്വല്‍ ഫണ്ടിലൂടെ സമാഹരിച്ച തുകയിലും വര്‍ധനയുണ്ടായി. ഇത് 87,942 കോടിയില്‍നിന്ന് 1,61,696 കോടിയായി ഉയര്‍ന്നു. സെന്‍സെക്‌സ് 2016 ജനുവരി അഞ്ചുവരെയുള്ള കണക്കില്‍ 8.5 ശതമാനമായി കുറഞ്ഞു.
Indian-village-new

ഇന്ത്യന്‍ വിപണിയിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം 2014ല്‍ 2,56,213 കോടിയായിരുന്നത് 2015ല്‍ 63,663 കോടിയായി. വിദേശനിക്ഷേപം സ്വീകരിക്കാനുളള ചട്ടങ്ങള്‍ ഉദാരമാക്കിയതും അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചതും സമ്പദ്ഘടനയ്ക്ക് കരുത്തായെന്ന് റിപോര്‍ട്ട് വിലയിരുത്തുന്നു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, പാചകവാതക സബ്‌സിഡി ബാങ്ക് വഴി നേരിട്ടു നല്‍കല്‍ തുടങ്ങിയവ ഗുണം ചെയ്തു. പണപ്പെരുപ്പം 4.5 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷ.

city-new
വ്യക്തിഗത നികുതിദായകരുടെ വ്യാപ്തി വര്‍ധിപ്പിക്കണം. സമ്പദ്ഘടനയുടെ 85 ശതമാനവും നികുതി നല്‍കാത്തവരാണ്. 5.5 ശതമാനം പേര്‍ മാത്രമാണ് ആദായനികുതി അടയ്ക്കുന്നവര്‍. പൊതുബജറ്റിനു മുന്നോടിയായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it