Editorial

സാമ്പത്തിക സര്‍വേവെളിപ്പെടുത്താത്ത സത്യങ്ങള്‍

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ എന്തു പൊലിപ്പിച്ചു പറഞ്ഞാലും, രാജ്യത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് അതിവേഗം വര്‍ധിക്കുകയാണെന്നും മധ്യവര്‍ഗം പ്രവചിക്കപ്പെട്ടപോലെ ശക്തിപ്പെടുന്നില്ലെന്നുമാണ് വിശ്വസനീയമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഷ്യയില്‍ നമ്മോട് മല്‍സരിക്കുന്ന ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രം മുഴച്ചുനില്‍ക്കുന്ന സാമ്പത്തികമാന്ദ്യമല്ല രാജ്യത്തുള്ളതെന്ന് പ്രശസ്ത ഇംഗ്ലീഷ് വാരികയായ ദ ഇക്കോണമിസ്റ്റ് എടുത്തുപറയുന്നു. 130 കോടിയോളം ജനങ്ങളുള്ള ഒരു നാട്ടില്‍ കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക പ്രസിദ്ധീകരണങ്ങളും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൊട്ടിഘോഷിച്ച ജിഡിപി വളര്‍ച്ച കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. നരസിംഹറാവു ഗവണ്‍മെന്റ് കൊണ്ടുവന്ന നവലിബറല്‍ സാമ്പത്തികനയം നടപ്പായശേഷം പ്രത്യക്ഷത്തിലുണ്ടായ ഒരു മാറ്റം ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയെന്നതാണ്. ഒരു കണക്കുപ്രകാരം, ഓരോ രണ്ടു മാസത്തിലും ഇന്ത്യയില്‍ ഒരു ശതകോടീശ്വരന്‍ വീതം ഉദയം ചെയ്യുന്നുണ്ട്. വലിയ ആഡംബരത്തിനും ധൂര്‍ത്തിനും വെള്ളിവെളിച്ചത്തിലുള്ള കോലാഹലത്തിനും കേളികേട്ട ഒരു ചെറിയ ന്യൂനപക്ഷം ദേശീയ വിഭവങ്ങള്‍ ക്രമേണയായി കൈവശപ്പെടുത്തുകയാണ്. സാമ്പത്തികമേഖലയില്‍ ഒരു കുതിച്ചുചാട്ടം നടക്കുമെന്നു പ്രതീക്ഷിച്ച് ഇന്ത്യയിലെത്തിയ ബഹുരാഷ്ട്രക്കമ്പനികളൊക്കെ അയ്യടാ എന്നു പറഞ്ഞ് വിരലു കടിച്ചുനില്‍ക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ സ്വഭാവമറിഞ്ഞു കമ്പോളത്തില്‍ ഉല്‍പന്നങ്ങളിറക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ വരെ തിരിച്ചടി നേരിടുന്നു. കടുത്ത ദാരിദ്ര്യം മാത്രമല്ല ഇതിനു കാരണമെന്ന് നീതി ആയോഗിനു പുറത്തുള്ള സാമ്പത്തിക വിദഗ്ധരൊക്കെ ചൂണ്ടിക്കാട്ടുന്നു. വിഭവവിതരണത്തിലുള്ള താളക്കേടാണ് പ്രധാന പ്രശ്‌നം. ചൈനയും റഷ്യയും ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കിയപ്പോള്‍ നഗരവാസികളെയും അതിസമ്പന്നരെയും സന്തോഷിപ്പിക്കുന്ന നയങ്ങളാണ് 90കള്‍ തൊട്ട് ഇവിടെ നടപ്പായത്. ജനസംഖ്യയില്‍ മേല്‍ത്തട്ടിലുള്ള പത്തുശതമാനം മേലോട്ട് കുതിച്ചപ്പോള്‍ ബാക്കി 90 ശതമാനവും താഴോട്ടാണ് സഞ്ചരിച്ചത്. സര്‍ക്കാര്‍ ജോലികളുടെ എണ്ണം കുറഞ്ഞപ്പോള്‍ സ്വകാര്യ തൊഴില്‍മേഖല ഒട്ടും വികസിച്ചില്ല. 2000ത്തിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ വര്‍ഷംപ്രതി ഒരു ലക്ഷം തൊഴിലുകള്‍ അപ്രത്യക്ഷമായി. രാജ്യം നേരിടുന്ന അതീവ നിര്‍ണായകമായ പ്രശ്‌നങ്ങള്‍ മുഴുവന്‍ വര്‍ഗീയ മുദ്രാവാക്യങ്ങളിലൂടെയും സായാഹ്നങ്ങളിലെ ചാനല്‍ ചര്‍ച്ചകളിലെ ശകാരവര്‍ഷത്തിലൂടെയും മൂടിവയ്ക്കാന്‍ കഴിയുമെന്ന ധാരണയില്‍ തന്നെയാണ് എന്‍ഡിഎ ഭരണകൂടം. നോട്ടുനിരോധനം തുടങ്ങിയ നാടകീയ തീരുമാനങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ദുസ്സഹമാക്കിയപ്പോള്‍ സര്‍ക്കാര്‍ ഗോരക്ഷകരെ അഴിച്ചുവിടുകയും തൃണമൂലതലത്തിലുള്ള ചെറിയ ചെറിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണുണ്ടായത്. എന്നാല്‍, അത്തരം തന്ത്രങ്ങള്‍ക്കൊന്നിനും അധികകാലം മൂടിവയ്ക്കാന്‍ കഴിയാത്തവിധം പൊട്ടിത്തകര്‍ന്നു കിടക്കുകയാണ് ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതം.
Next Story

RELATED STORIES

Share it