Kollam Local

സാമ്പത്തിക സംവരണത്തിനെതിരേ സംവരണ സംരക്ഷണ ഏകോപന സമിതി കൂട്ടധര്‍ണ നടത്തി

കൊല്ലം:പിന്നാക്കക്കാരന്റെ നിലനില്‍പ്പിന്റെ മുഖ്യവിഷയമായി സാമുദായിക സംവരണം അട്ടിമറിക്കാനുള്ള എല്ലാവിധ ശ്രമങ്ങളെയും സംഘടിത മുന്നേറ്റത്തിലൂടെ മാത്രമേ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ്എന്‍ഡിപി യോഗം കൊല്ലം യൂനിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക നീതിക്ക് നിരക്കാത്ത സാമ്പത്തിക സംവരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംവരണ സംരക്ഷണ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം നിരയിലുള്ള ഏക പിന്നാക്കക്കാരന്‍. അദ്ദേഹം സമുദായ സംവരണ വിരുദ്ധരുടെ പിടിയിലകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജനസംഖ്യാനുപാതികമായി ഉദ്യോഗ-വിദ്യാഭ്യാസ-അധികാര മേഖലകളില്‍ പ്രാതിനിധ്യം കര്‍ശന നിയമവ്യവസ്ഥ ഉണ്ടാകാത്തിടത്തോളം സാമൂഹിക നീതി സാധ്യമാകില്ലെന്ന് മുഖ്യപ്രസംഗം നടത്തിയ കെഡിഎഫ്‌സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. ഇപ്രകാരം തുല്യ നീതി നേടിയെടുക്കുന്നതുവരെ പിന്നാക്ക ദലിത് ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ വിശ്രമമില്ലാതെ പോരാട്ടം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.സംവരണ സംരക്ഷണ ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം എ സമദ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എ റഹീം കുട്ടി, വിവിധ സമുദായ സംഘടനാ നേതാക്കളായ കെ യു ബഷീര്‍, ഇസ്മയില്‍ കരീം, ഐ ബാബു കുന്നത്തൂര്‍, കെ മദനന്‍, ജെ കമര്‍ സമാന്‍, വി ശശിധരന്‍, ജെ എം അസ്്‌ലം, എം ഹബീബ് മുഹമ്മദ്, വി ഷാഹുല്‍ ഹമീദ്, ഇര്‍ഫാന്‍ ഹനീഫ്, എം കമാലുദ്ദീന്‍, അരുണ്‍ മയ്യനാട്, ഓയൂര്‍ യൂസുഫ്, ശൂരനാട് അജി, മേക്കോണ്‍ അബ്ദുല്‍ അസീസ്, പറമ്പില്‍ സുബൈര്‍, സി എ ബഷീര്‍ കുട്ടി, എസ് എം അബ്ദുല്‍ ഖാദര്‍, കുരുമ്പേലില്‍ നിയാസ് ബാബു,  ശ്രീനിവാസന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it