Idukki local

സാമ്പത്തിക സംവരണം ജനാധിപത്യവിരുദ്ധം: എസ്ഡിപിഐ

ചെറുതോണി: സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെട്ട ഒരു വിഭാഗം ആളുകള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കാന്‍ ആവിഷ്‌ക്കരിക്കപ്പെട്ട സംവിധാനമാണ് സംവരണം എന്നിരിക്കെ, അതിനെ സാമ്പത്തികാടിസ്ഥാനത്തില്‍ നിര്‍വചിക്കുന്നത് അടിസ്ഥാനപരമായി സംവരണവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എസ്ഡിപിഐ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനത്തിനും പിന്നാക്കവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എം ഫഹദ് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, പത്തുശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്നാക്ക ജാതി സംവരണം ഭരണഘടനാവിരുദ്ധം എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ ഇടുക്കി കലക്്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് വഴി നടത്തുന്ന നിയമനങ്ങളിലാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരത്തിലൊരു നയരൂപീകരണം ഉണ്ടാവാത്തിടത്താണ് ഇത്തരമൊരു നീക്കം ഇടത് പക്ഷ സര്‍ക്കാര്‍ നടത്തുന്നത്. ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം എം മുജീബ്, ജില്ലാ വൈസ് പ്രസിഡന്റ് പി എസ് മധു, എന്‍ കെ അബ്ദുല്‍ അസീസ് (മെക്ക), പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍, കെ കെ മണി, റെജി കൂവക്കാട്ടില്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് വി എം ജലീല്‍, എസ്ഡിപിഐ ഇടുക്കി മണ്ഡലം പ്രസിഡന്റ് അജയന്‍ കീരിത്തോട് സംസാരിച്ചു.
Next Story

RELATED STORIES

Share it