സാമ്പത്തിക രംഗത്ത് ബാങ്കിങ് മേഖലയ്ക്കുള്ള പ്രസക്തി വര്‍ധിച്ചു വരുന്നു: മുഖ്യമന്ത്രി

കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ബാങ്കിങ് മേഖലയ്ക്കുള്ള പ്രസക്തി വര്‍ധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കു സഹായമെത്തിക്കുന്നതിലും ബാങ്കുകള്‍ക്കുള്ള ഉത്തരവാദിത്തം വര്‍ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സിന്റെ(എസ്എഫ്ബിസികെ) ബാങ്കിങ് എക്‌സലന്‍സ് അവാര്‍ഡുകള്‍ കൊച്ചിയില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്പന്നരുടെയും സാധാരണക്കാരുടെയും സ്വപ്‌നങ്ങള്‍ ഒരേ പോലെ സാക്ഷാല്‍ക്കരിക്കും വിധമുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രവാസി മലയാളിയും വ്യവസായിയുമായ പത്മശ്രീ സി കെ മേനോന് മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിച്ചു. ദേശീയ തലത്തിലെ മികച്ച പൊതുമേഖലാ ബാങ്കിനുള്ള പുരസ്‌കാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കും, മികച്ച സ്വകാര്യ മേഖല ബാങ്കിനുള്ള പുരസ്‌കാരം ഫെഡറല്‍ ബാങ്കിനും പുതുതലമുറ ബാങ്കിനുള്ള പുരസ്‌കാരം ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനും ഗ്രാമീണ മേഖലയിലെ ബാങ്കിനുള്ള പുരസ്‌കാരം കേരള ഗ്രാമീണ്‍ ബാങ്കിനും ലഭിച്ചു.
മന്ത്രി കെ ബാബു സുവനീര്‍ പ്രകാശനം ചെയ്തു. എസ്എഫ്ബിസികെ പ്രസിഡന്റ് എബ്രഹാം തരിയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍, റിസര്‍വ് ബാങ്ക് റീജ്യണല്‍ ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്, ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ശാലിനി വാര്യര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ കെ വി ഷാജി, സ്റ്റേറ്റ് ഫോറം ബാങ്കേഴ്‌സ് ക്ലബ്ബ് ചീഫ് പാട്രണ്‍ ഡോ. വി എ ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it