malappuram local

സാമ്പത്തിക പ്രതിസന്ധി: കാഞ്ഞിരമുക്ക് പുഴ- ഭാരതപ്പുഴ സംയോജന പദ്ധതി ഉപേക്ഷിച്ചു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: വേനലിലെ ജലക്ഷാമത്തിന് പരിഹാരമാവുമായിരുന്ന കാഞ്ഞിരമുക്ക് പുഴ-ഭാരതപ്പുഴ സംയോജന പദ്ധതി ഉപേക്ഷിച്ചു. ജലസേചന പദ്ധതികളായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജും ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജും ബന്ധിപ്പിച്ചാണ് സംയോജന പദ്ധതി വിഭാവനം ചെയ്തിരുന്നത്. മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ സംയുക്ത സംരംഭമെന്ന നിലയില്‍ വളരെ പ്രതിക്ഷയോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതി തയ്യാറാക്കിയത്.
ചമ്രവട്ടം റഗുലേറ്ററിന്റെയും ബിയ്യം റഗുലേറ്ററിന്റെയും സമീപത്തുകൂടെ പോവുന്ന ഇടത്തോടുകളെ ജലസമൃദ്ധമാക്കിയാല്‍ സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസംഭരണികളില്‍ ജലവിതാനം ഉയര്‍ത്താനാവുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. റെഗുലേറ്ററുകളുടെ സംയോജനം സാധ്യമായാല്‍ പുഴയിലെ ജലനിരപ്പ് ഏറ്റക്കുറച്ചിലില്ലാതെ നിലനിര്‍ത്താനാവുമെന്നും ജലസേചന വകുപ്പ് കണക്കുകൂട്ടിയിരുന്നു. വേനലിനെ പ്രതിരോധിക്കാനുള്ള പരിഹാരമാര്‍ഗമായി നിര്‍ദേശിക്കപ്പെട്ട ഈ പദ്ധതി സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ഉപേക്ഷിക്കുന്നത്.
ജലസേചന, കുടിവെള്ള പരിഹാരങ്ങള്‍ക്ക് പുറമെ ഇതര വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഗുണകരമാവുന്ന പദ്ധതിയായിരുന്നിട്ടും സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കാതിരുന്നതാണ് വിനയായത്.
പദ്ധതിയുടെ ഭാഗമായി ഇടത്തോടുകളും കനാലുകളും സജീവമാവുന്നതോടെ തീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൃഷിയും ജലസേചന സൗകര്യങ്ങളും പുഷ്ടിപ്പെടുകയും തോടുകള്‍ വഴിയുള്ള വെള്ളത്തിന്റെ ഒഴുക്ക് പുനരാരംഭിക്കുന്നത് വേനലിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ തീരവാസികള്‍ക്ക് പ്രചോദനമാവുമെന്നുമായിരുന്നു കണക്കുകൂട്ടല്‍.
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജും ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജും ജലസേചന സൗകര്യങ്ങള്‍ക്ക് മുന്തിയ പിഗണന നല്‍കുന്നവയാണെങ്കിലും ഇവയുടെ വേറിട്ട പ്രവര്‍ത്തനം കൃഷിയിടങ്ങളിലെയും സമീപ ഭൂപ്രദേശത്തേയും ജലവിതാനത്തില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് പുഴകളുടെ സംയോജനമെന്ന പദ്ധതി പരിഗണിച്ചത്.
ചമ്രവട്ടം ജലസംഭരണി യാഥാര്‍ഥ്യമായിട്ട് വര്‍ഷങ്ങളായിട്ടും ജലസേചന, കുടിവെള്ള മേഖലയില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. പദ്ധതി നിര്‍ദേശിക്കപ്പെടുന്ന ജലസംരണിതോതിലേക്ക് പുഴയെ മാറ്റാന്‍ കഴിയാത്തത് പ്രതികൂല സാഹചര്യങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ബിയ്യം ജലസംഭരണിയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്.
Next Story

RELATED STORIES

Share it