Flash News

സാമ്പത്തിക പ്രതിസന്ധി : കേന്ദ്രസര്‍ക്കാരിനെതിരേ അരുണ്‍ ഷൂരിയും



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കിയ നടപടിയാണെന്ന് അരുണ്‍ ഷൂരി പറഞ്ഞു. സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കിയ നടപടി ആത്മഹത്യാപരമായി. ഇതിനായി സര്‍ക്കാര്‍ നിരത്തിയ എല്ലാ അനുകൂല വാദങ്ങളും പൊള്ളയായിരുന്നുവെന്നും അരു ണ്‍ ഷൂരി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ചെയ്തതു വന്‍ മണ്ടത്തരമാണ്. നോട്ട് നിരോധനം സാമ്പത്തിക വ്യവസ്ഥയില്‍ ബുദ്ധിശൂന്യമായ ഞെരുക്കമാണ് ഉണ്ടാക്കിയത്. മോദിസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതു വെളിപാടിനനുസരിച്ചാണെന്നും വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അരുണ്‍ ഷൂരി ആരോപിച്ചു. ചരക്കുസേവന നികുതി വളരെ പ്രധാനപ്പെട്ട ഒരു പരിഷ്‌കരണ നടപടിയായിരുന്നു, പക്ഷേ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യാതെയാണ് ഇതു നടപ്പാക്കിയത്. ജിഎസ്ടിയുടെ നിബന്ധനകള്‍ മൂന്നു മാസത്തിനിടെ ഏഴ് തവണ പരിഷ്‌കരിച്ചെന്നും അദ്ദേഹം പറഞ്ഞു.   നരേന്ദ്രമോദിയും അമിത് ഷായും ഒരു അഭിഭാഷകനും അടങ്ങുന്ന രണ്ടര ആളുകള്‍ നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലെ ബിജെപി ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കണമെന്നതു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു രാത്രി ലഭിച്ച വെളിപാടാണെന്നും ദിവ്യവെളിപാടിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണു മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ഒരു വലിയ കാല്‍വയ്പാണെങ്കില്‍ ആത്മഹത്യയും ഒരു വന്‍ചുവടുവയ്പാണെന്നും അരുണ്‍ ഷൂരി പരിഹസിച്ചു. നോട്ട് അസാധുവാക്കിയതിനു സര്‍ക്കാര്‍ നിരത്തിയ എല്ലാ അനുകൂല വാദങ്ങളും പൊള്ളയായിരുന്നു. കള്ളപ്പണവും തീവ്രവാദവും തടയാനാണെന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. നോട്ട് നിരോധനത്തിലൂടെ എല്ലാ കള്ളപ്പണവും വെളുപ്പിച്ചുവെന്നും തീവ്രവാദികള്‍ ഇപ്പോഴും ഇന്ത്യയിലേക്കു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേപ്പറ്റി സര്‍ക്കാര്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അരുണ്‍ ഷൂരി കൂട്ടിച്ചേര്‍ത്തു. അസാധുവാക്കിയ നോട്ടിന്റെ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. കള്ളപ്പണവും നികുതി അടയ്ക്കാത്ത പണവും നശിപ്പിക്കാനായില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സാമ്പത്തികമാന്ദ്യം സാങ്കേതിക കാരണങ്ങളാലാണെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. അമിത് ഷാ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നായിരുന്നു ഇതിനോടുള്ള ഷൂരിയുടെ പ്രതികരണം. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന അത്ര എളുപ്പത്തില്‍ ഇതില്‍ നിന്നു കരകയറാനാവില്ലെന്നും അരുണ്‍ ഷൂരി പറഞ്ഞു.
Next Story

RELATED STORIES

Share it