malappuram local

സാമ്പത്തിക പ്രതിസന്ധിയിലും നിലമ്പൂര്‍ തേക്ക് വില കുതിക്കുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ തേക്കിന്റെ വില കുതിക്കുന്നു. വനംവകുപ്പിന്റെ അംഗീകൃത തടി ഡിപ്പോകളായ ജില്ലയിലെ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിലും നെടുങ്കയം ടിംബര്‍ സെയില്‍സ്് ഡിപ്പോയിലും നടക്കുന്ന ഇ-ടെന്‍ഡറുകളിലാണ് വില കുതിച്ചുയരുന്നത്. കഴിഞ്ഞ മൂന്നിന് അരുവാക്കോട് ഡിപ്പോയില്‍ നടന്ന ഇ ടെന്‍ഡറില്‍ ബി ഒന്ന് ഇനത്തില്‍പെട്ട തേക്കുതടിക്ക് ഘനമീറ്ററിന് 1.70 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതിന്റെ നികുതിയായ 27 ശതമാനം കൂടി കണക്കാക്കുമ്പോള്‍ ഘനമീറ്ററിന് 2.10 ലക്ഷത്തിനടുത്ത്് വില വരും.
ബി രണ്ട് ഇനത്തില്‍പെട്ട തടിക്ക് 1.65 ലക്ഷം രൂപയും ലഭിച്ചു. നികുതിയടക്കം ഇതിനും വില രണ്ടുലക്ഷം കടക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലേലത്തില്‍ പങ്കെടുക്കുന്ന കച്ചവടക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടും ഇ-ടെന്‍ഡര്‍ സിസ്റ്റം നടപ്പാക്കുന്നതിനു മുമ്പ് മാസത്തില്‍ ഒരു തവണയാണ് ലേലം നടന്നിരുന്നത്. ഇതില്‍ 20ല്‍ കുറയാതെ കച്ചവടക്കാര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇ-ടെന്‍ഡര്‍ വ്യവസ്ഥ വന്നതോടെ മാസത്തില്‍ ആറ്് ലേലമാണ് നടക്കുന്നത്. മരത്തിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ നെടുങ്കയത്ത് നാല്് ലേലവുമാണ് നടക്കുന്നത്. ഇ-ടെന്‍ഡര്‍ ലേലങ്ങളില്‍ 30 മുതല്‍ 50 വരെ മീറ്റര്‍ മരങ്ങളാണ് പരമാവധി പോവുന്നത്.
ലേലത്തില്‍ തേക്കു തടികള്‍ ഉയര്‍ന്ന വിലയ്ക്ക് പോവുന്നതിനാല്‍ സര്‍ക്കാരിനു നികുതിയിനത്തിലുള്‍പ്പെടെ വന്‍ തുകയാണ് ലഭിക്കുക. അവസാനം നടക്കുന്ന മൂന്ന്് ലേലങ്ങളുടെ ശരാശരി കണക്കാക്കിയാണ് വീട്ടാവശ്യങ്ങള്‍ക്കും മറ്റും തേക്കിനെത്തുന്നവര്‍ക്ക് വില നിര്‍ണയിച്ച് നല്‍കുന്നത്. അതിനാല്‍ ഉയര്‍ന്ന വില നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് നിലമ്പൂര്‍ തേക്ക് സ്വന്തമാക്കാനാവൂ. കഴിഞ്ഞ 14 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തേക്കുതടികള്‍ക്ക് ഘനമീറ്ററിന് ആറിരട്ടി വില വര്‍ധിച്ചതായി കാണാം.
2004ല്‍ ബി ഒന്ന് ഇനത്തില്‍പ്പെട്ട തേക്കുമരങ്ങള്‍ക്കു ഘനമീറ്ററിന് 30,000 നും 35,000 നുമിടയിലായിരുന്നു വില. അംഗീകൃത തേക്കു വ്യാപാരികള്‍ തമ്മിലുള്ള കിടമല്‍സരമാണ് നിലമ്പൂര്‍ തേക്കിന്റെ വില കുതിക്കാന്‍ കാരണം. വില കുറഞ്ഞാല്‍ വില്‍പനയ്്ക്കായി തങ്ങള്‍ മുന്‍ലേലങ്ങളില്‍ വിളിച്ചെടുത്ത മരങ്ങള്‍ വില്‍പന നടത്താന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ഓരോ ലേലത്തിനും വില കൂട്ടുന്നത്. ലേലത്തിനെടുക്കുന്ന വിലയില്‍നിന്ന്് രണ്ടു മുതല്‍ അഞ്ചുശതമാനം വരെ ലാഭമാണ് കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it