wayanad local

സാമ്പത്തിക പ്രതിസന്ധി;കാട്ടുതീ പ്രതിരോധത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചു

മാനന്തവാടി: സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി കാരണം ജില്ലയിലെ കാട്ടുതീ പ്രതിരോധത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചു. വരാനിരിക്കുന്ന വേനലിനെ എങ്ങനെ നേരിടുമെന്നറിയാതെ ആശങ്കയിലാണ് വനംവകുപ്പ്. മുന്‍വര്‍ഷം അനുവദിച്ച ഫണ്ടിനേക്കാള്‍ 60 ശതമാനത്തോളം കുറവ് വരുത്തിയാണ് ഈ വര്‍ഷം തുക അനുവദിച്ചിരിക്കുന്നത്.
ജില്ലയിലെ രണ്ടു ഡിവിഷനുകളിലും വന്യജീവി വിഭാഗത്തിനും കഴിഞ്ഞ വര്‍ഷം കാട്ടുതീ പ്രതിരോധത്തിനായി 2,55,46,000 രൂപയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഈ വര്‍ഷം ഇതു 1,41,04,000 രൂപയായി കുറഞ്ഞു. കാട്ടുതീ പ്രതിരോധത്തിനായി ഫയര്‍ലൈന്‍ നിര്‍മാണം, വാച്ചര്‍ നിയമനം, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയാണ് വനംവകുപ്പ് നടത്തിവരുന്നത്. മൂന്നു മാസക്കാലയളവിലേക്കാണ് വാച്ചര്‍മാരെ നിയമിക്കുക.
290 രൂപ കൂലിയുള്‍പ്പെടെ പ്രതിദിനം 400 രൂപയോളമാണ് ഒരു വാച്ചര്‍ക്ക് വനംവകുപ്പ് നല്‍കുന്നത്. എന്നാല്‍, ഈ വര്‍ഷം ഫണ്ട് കുറഞ്ഞതോടെ കഴിഞ്ഞ വര്‍ഷം നിയമിച്ച മുഴുവന്‍ പേരെയും നിയമിക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതു നിയമനം ലഭിക്കാത്ത വാച്ചര്‍മാര്‍ക്കിടയില്‍ പ്രയാസമുണ്ടാക്കുകയും കാട് സംരക്ഷിക്കുമെന്ന കാര്യത്തില്‍ പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമെന്നു വനംവകുപ്പ് ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് വയനാട് ഡിവിഷനില്‍ 99,53,000 രൂപ കാട്ടുതീ പ്രതിരോധത്തിനായി അനുവദിച്ചപ്പോള്‍ ഈ വര്‍ഷം 35,15,000 രൂപ മാത്രമാണ് അനുവദിക്കപ്പെട്ടത്.
സൗത്ത് വയനാട് ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം 85,93,000 രൂപ അനുവദിച്ച സ്ഥാനത്ത് ഈ വര്‍ഷം 55,89,000 രൂപ മാത്രം അനുവദിച്ചു. മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങള്‍ക്ക് കീഴിലുള്ള ഭാഗങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 70 ലക്ഷം രൂപ അനുവദിക്കപ്പെട്ടപ്പോള്‍ ഈ വര്‍ഷം 50 ലക്ഷം രൂപയാണ് അനുവദിച്ചത്.
2014ലെ വന്‍ തീപ്പിടിത്തത്തില്‍ ഹെക്റ്റര്‍ കണക്കിന് വനം കത്തിനശിച്ച തിരുനെല്ലി ഭാഗം ഉള്‍പ്പെടുന്നതാണ് വന്യജീവി സങ്കേതം. അതാതു ഡിവിഷനുകളില്‍ ലഭിക്കുന്ന തുക കാട്ടുതീ സാധ്യതയുള്ള പ്രദേശങ്ങളുടെ മുന്‍ഗണന വച്ചാണ് റേഞ്ചുകള്‍ക്കും സെക്ഷനുകള്‍ക്കും നല്‍കുന്നത്.
ഈ മാസം 15 മുതല്‍ നിയമിക്കപ്പെടേണ്ട വാച്ചരെ ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു മാസം നിയമിക്കാനാണ് വനംവകുപ്പ് തീരുമാനം. ഇതോടെ തന്നെ ഫയര്‍ലൈന്‍ നിര്‍മാണവും ആരംഭിക്കും. എന്നാല്‍, മതിയായ ഫണ്ടില്ലാത്തതിനാല്‍ ഏതു രീതിയില്‍ ഈ വര്‍ഷത്തെ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുമെന്ന ആശങ്കയിലാണ് വനംവകുപ്പ്. കൂടുതല്‍ തുകക്കായി സര്‍ക്കാരിനോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭ്യമാവുമെന്ന് യാതൊരുറപ്പുമില്ല.
Next Story

RELATED STORIES

Share it