സാമ്പത്തിക തട്ടിപ്പ്: കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമകള്‍ റിമാന്‍ഡില്‍

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമകളെ കോടതി റിമാന്‍ഡ് ചെയ്തു. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ വി വിശ്വനാഥന്‍, ഭാര്യ രമണി, മകള്‍ നീതു, മരുമകന്‍ ഡോ. ജയചന്ദ്രന്‍ എന്നിവരെയാണ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. വന്‍ പോലിസ് സുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. വഞ്ചിതരായ നിരവധി നിക്ഷേപകര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇവര്‍ പ്രതികളെ കൂക്കിവിളിച്ചാണ് വരവേറ്റത്. കൊടുങ്ങല്ലൂരിനു സമീപത്തെ മൂന്നു വീടുകളിലായാണ് നാലുപേരും താമസിച്ചിരുന്നത്.
വിശ്വനാഥന്റെ മകളെയും മരുമകളെയും തൃശൂരില്‍ നിന്നും വിശ്വനാഥനെയും ഭാര്യയെയും ഇരിങ്ങാലക്കുടയില്‍ നിന്നുമാണ് പിടികൂടിയത്. വിശ്വനാഥന്റെ ഒരു മകളും മരുമകനും ഇനിയും പിടിയിലാവാനുണ്ട്. വിശ്വനാഥന്റെ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് പോലിസ് ഇവരെ പിടികൂടിയത്. നാലുപേര്‍ക്കെതിരെയും പോലിസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 19നാണ് കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കിയ ശേഷം കുന്നത്തുകളത്തില്‍ ജ്വല്ലറികളും പണമിടപാട് സ്ഥാപനങ്ങളും മുന്നറിയിപ്പില്ലാതെ പൂട്ടിയത്.
കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പ്രതികളെ ഇന്നലെ ചോദ്യംചെയ്തു. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമകളുടെ പൂര്‍ണമായ ആസ്തി കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. പാപ്പര്‍ ഹരജിയുടെ തുടര്‍നടപടിയുടെ ഭാഗമായി കണക്കെടുപ്പ് പൂര്‍ത്തിയാവുന്നതോടെ നിക്ഷേപകരുടെ പണം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കോടതി നിയോഗിച്ച റിസീവര്‍ ഇതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
നോട്ട് നിരോധനമടക്കം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നാണ് അറസ്റ്റ് ചെയ്ത സന്ദര്‍ഭത്തില്‍ വിശ്വനാഥന്‍ പറഞ്ഞത്. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാന്‍ അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Next Story

RELATED STORIES

Share it