സാമ്പത്തിക തട്ടിപ്പ്: അര്‍ജന്റീന മുന്‍ പ്രസിഡന്റിന്റെ സ്വത്ത് മരവിപ്പിച്ചു

ബ്യൂണസ് ഐറിസ്: സാമ്പത്തിക തട്ടിപ്പുകേസില്‍ കുറ്റം ചുമത്തപ്പെട്ടതിനെത്തുടര്‍ന്ന് അര്‍ജന്റീന മുന്‍പ്രസിഡന്റ് ക്രിസ്റ്റീന കിര്‍ച്‌നെറുടെ സ്വത്ത് മരവിപ്പിച്ചു. പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പുള്ള ഒരുമാസക്കാലയളവില്‍ അര്‍ജന്റീനിയന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരിമറികള്‍ നടത്തി ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കു കോട്ടം വരുത്തിയെന്ന കേസില്‍ കിര്‍ച്‌നെര്‍ കുറ്റംചെയ്തതായി ഫെഡറല്‍ ജഡ്ജി ക്ലോഡിയോ ബൊണാഡിയോ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് അന്നത്തെ ധനകാര്യമന്ത്രിക്ക് അവര്‍ നിര്‍ദേശം നല്‍കിയെന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്ന് സുപ്രിംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.
കിര്‍ച്‌നെറുടെ 1.5 കോടി പെസോ(10 ലക്ഷത്തോളം ഡോളര്‍) മതിപ്പുള്ള സ്വത്ത് മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. 2013-15 കാലയളവില്‍ ധനകാര്യമന്ത്രിയായിരുന്ന ആക്‌സെല്‍ കിസില്ലോഫിനെതിരേയും സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റായിരുന്ന അലെജാന്ദ്രോ വനോളിയടക്കം മറ്റു 13 പേര്‍ക്കെതിരേയും കോടതി സമാനമായ കുറ്റം ചുമത്തിയിട്ടുണ്ട്. 2007-15 കാലയളവില്‍ അര്‍ജന്റീനിയന്‍ പ്രസിഡന്റായിരുന്ന കിര്‍ച്‌നെര്‍ കഴിഞ്ഞ വര്‍ഷം അവസാനം തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സെന്‍ട്രല്‍ ബാങ്കില്‍ നടത്തിയ ഡോളര്‍ ഇടപാടുകള്‍ ധനകാര്യമന്ത്രാലയത്തിനു വലിയ നഷ്ടം വരുത്തിയിരുന്നു.
ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ അര്‍ജന്റീനയ്ക്ക് നൂറു കോടി ഡോളര്‍ നഷ്ടമാണ് കിര്‍ച്‌നെര്‍ വരുത്തിവച്ചതെന്നു പ്രസിഡന്റ് മൗറിഷ്യോ മാക്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it