സാമ്പത്തിക ക്രമക്കേട്: മൂന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

എ അബ്ദുല്‍ സമദ്

കുമളി: പെരിയാര്‍ കടുവസങ്കേതത്തിലെ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളില്‍ നിന്നു സാമ്പത്തിക ക്രമക്കേടു നടത്തിയ മൂന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പണം തിരികെ അടയ്ക്കണമെന്ന് കാണിച്ചു താല്‍ക്കാലിക ജീവനക്കാര്‍ക്ക് വനം വകുപ്പ് നോട്ടീസ് നല്‍കി. വിവിധ ഇക്കോ ഡവലപ്‌മെന്റ് (ഇഡിസി) കമ്മിറ്റികളില്‍ നിന്നായി ഏഴു ലക്ഷത്തോളം രൂപയാണ് മൂന്ന് താല്‍ക്കാലിക ജീവനക്കാര്‍ ക്രമക്കേട് നടത്തി തട്ടിയതായി കണ്ടെത്തിയത്. ഇഡിസി ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്.
ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളുടെ കീഴില്‍ രൂപീകരിച്ച സ്വയംസഹായ സംഘങ്ങളുടെ വായ്പകളുടെ തിരിച്ചടവിലാണു ക്രമക്കേട് നടത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകബാങ്ക് സാമ്പത്തിക സഹായത്തോടെ രണ്ടു പതിറ്റാണ്ട് മുമ്പാണ് ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികള്‍ പെരിയാര്‍ കടുവസങ്കേതത്തില്‍ രൂപീകരിച്ചത്. വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരെ ഇതില്‍ നിന്നു പിന്തിരിപ്പിച്ച് വനസംരക്ഷണ പ്രവര്‍ത്തകരാക്കി മാറ്റുന്നതിന്റെ ഭാഗമായാണു വില്ലേജ് ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചത്. ഇഡിസികളുടെ നടത്തിപ്പ് വനംവകുപ്പ് ഉ—ദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു നടത്തുന്നത്. സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും നടത്താന്‍ ചുമതലയുള്ളത് എക്‌സ് ഒഫീഷ്യോ സെക്രട്ടറി ആയിട്ടുള്ള ഈ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ചുമതലയാണ്. വനം വകുപ്പിന്റെയും ഇ ഡിസികളുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേറ്റര്‍മാരാണ് ഈ താല്‍ക്കാലിക ജീവനക്കാര്‍. വനത്തെക്കുറിച്ചും വന്യജീവികളെക്കുറിച്ചും വനസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാധാരണക്കാരെ ബോധവല്‍ക്കരിക്കുന്നതിനായി വനം വകുപ്പ് ഇത്തരത്തില്‍ നാല് ഫെസിലിറ്റേറ്റര്‍മാരെയാണ് പെരിയാര്‍ കടുവസങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനില്‍ നിയമിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കു സാമ്പത്തിക ക്രയവിക്രയങ്ങളുടെ ചുമതല വനം വകുപ്പ് നല്‍കിയിട്ടില്ലാത്തതാണ്. ഇതിനെ മറികടന്നാണ് ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്നത്. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളില്‍ നിന്നു സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ലക്ഷക്കണക്കിനു രൂപയാണ് വായ്പ നല്‍കിയിട്ടുള്ളത്. എക്‌സ് ഒഫീഷ്യോ സെക്രട്ടറി ഇവരില്‍ നിന്നു ശേഖരിച്ച് ബാങ്കില്‍ അടയ്ക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം ചെയ്യാതെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനു താല്‍ക്കാലിക ജീവനക്കാരെ ചുമതലപ്പെടുത്തുകയാണു ചെയ്തത്. ഇതോടെ താല്‍ക്കാലിക ജീവനക്കാര്‍ അംഗങ്ങളില്‍ നിന്നു ലഭിച്ച തുക ബാങ്കിലടയ്ക്കാതെ കൈവശം വയ്ക്കുകയാണുണ്ടായത്. വായ്പ അടച്ചുതീര്‍ത്ത ശേഷം പുതിയ വായ്പയ്ക്കായി എസ്എച്ച്ജികള്‍ വനം വകുപ്പിന് അപേക്ഷ നല്‍കിയപ്പോഴാണ് ഇവരുടെ പേരില്‍ ലക്ഷങ്ങളുടെ കുടിശ്ശിക നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.
അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണു ക്രമക്കേടുകള്‍ പുറത്തുവരുന്നത്. ഇതു സംബന്ധിച്ച് മുമ്പ് ആളുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇക്കാര്യം അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെയാണു സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അസിസ്റ്റന്റ്് ഫീല്‍ഡ് ഡയറക്ടറെ ചുമതലപ്പെടുത്താ ന്‍ തയ്യാറായതെന്നാണ് ആക്ഷേപം. എത്രയും പെട്ടെന്ന് പണം തിരികെ അടയ്ക്കണമെന്നു മാത്രമാണു നോട്ടീസില്‍ പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഏഴു ലക്ഷത്തോളം രൂപ താല്‍ക്കാലിക ജീവനക്കാര്‍ക്കു തിരിമറി നടത്താന്‍ കഴിഞ്ഞത്. അതേസമയം സാമ്പത്തിക തിരിമറികള്‍ക്കു പിന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവുണ്ടോയെന്ന കാര്യം അന്വേഷിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it