സാമ്പത്തിക ഉപസമിതി ചെയര്‍മാനാക്കിയില്ല; പി.എസ്.സി. യോഗത്തില്‍ വീണ്ടും ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച ഉപസമിതിയുടെ ചെയര്‍മാനാക്കണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് പി.എസ്.സി. യോഗത്തില്‍നിന്ന് അംഗം ഇറങ്ങിപ്പോയി. സി.പി.എം. അംഗം പ്രഫ. എന്‍ ശെല്‍വരാജാണ് ചെയര്‍മാനാക്കിയില്ലെന്നാരോപിച്ച് പി.എസ്.സി. യോഗം ബഹിഷ്‌കരിച്ചത്. പി.എസ്.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനെക്കുറിച്ചും അവലോകനം ചെയ്യുന്നതിനായാണ് ലോപ്പസ് മാത്യു അധ്യക്ഷനായി ഉപസമിതിയെ നിയോഗിച്ചത്.

കമ്മീഷന്‍ അംഗങ്ങള്‍ ഏകകണ്ഠമായാണ് ലോപ്പസ് മാത്യുവിനെയും അംഗങ്ങളെയും ഉള്‍പ്പെടുത്തി ഉപസമിതിക്കു രൂപം കൊടുത്തത്. എന്നാല്‍, ശെല്‍വരാജിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെയും ഉപസമിതിയില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ തന്നേക്കാള്‍ ജൂനിയറായ ലോപ്പസ് മാത്യുവിനെ ചെയര്‍മാനാക്കിയത് ശരിയല്ലെന്നും അദ്ദേഹത്തെ മാറ്റി തന്നെ ചെയര്‍മാനാക്കണമെന്നും ശെല്‍വരാജ് ആവശ്യപ്പെട്ടു. എന്നാല്‍, ചെയര്‍മാനും കമ്മീഷന്‍ അംഗങ്ങളും ഇക്കാര്യം അംഗീകരിച്ചില്ല. കമ്മീഷന്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനം മാറ്റാനാവില്ലെന്നു ചെയര്‍മാന്‍ വ്യക്തമാക്കി.

ചട്ടമനുസരിച്ച് കമ്മീഷനിലെ ഏതംഗത്തിനും ഉപസമിതി ചെയര്‍മാനാവാമെന്നും അതില്‍ ജൂനിയര്‍, സീനിയര്‍ വ്യത്യാസമില്ലെന്നും ചെയര്‍മാന്‍ നിലപാട് സ്വീകരിച്ചു. ഇതോടെ പ്രതിഷേധം രേഖപ്പെടുത്തി അംഗം ഇറങ്ങിപ്പോവുകയായിരുന്നു. ധനകാര്യവകുപ്പിനെച്ചൊല്ലി സി.പി.എം-സി.പി.ഐ. അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സി.പി.ഐ. അംഗം സുരേഷ്‌കുമാര്‍ കഴിഞ്ഞ കമ്മീഷന്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. അധമന്‍മാരുടെ കൂടെയിരിക്കാന്‍ താല്‍പ്പര്യമില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലും സുരേഷ്‌കുമാര്‍ പങ്കെടുത്തിരുന്നില്ല. യോഗത്തിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍കൊണ്ട് അജണ്ട പൂര്‍ത്തീകരിക്കുന്നതില്‍ യാതൊരു കാലതാമസവുമുണ്ടായിട്ടില്ലെന്ന് ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ പ്രതികരിച്ചു. ശരാശരി 1,100 അജണ്ടകളാണ് ഒരുവര്‍ഷം പൂര്‍ത്തീകരിക്കാനുള്ളത്. ഇതുവരെ 980 അജണ്ടകള്‍ നടപ്പാക്കിയെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it