സാമ്പത്തികാവലോകന റിപോര്‍ട്ട് സഭയില്‍ : കടക്കെണിയില്‍

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിലെന്ന് 2015ലെ സാമ്പത്തികാവലോകന റിപോര്‍ട്ട്. മൊത്തം വായ്പയുടെ 66 ശതമാനവും ആഭ്യന്തര കടമാണ്. പൊതുകടം പെരുകിയെങ്കിലും കടം കൂടുന്നതിന്റെ തോതില്‍ കുറവുണ്ടായി. അതേസമയം, സംസ്ഥാനം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വളര്‍ച്ചാനിരക്ക് 2013-14ലെ 4.54 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2014-15ല്‍ 6.67 ശതമാനമായി. മൊത്ത ആഭ്യന്തരോല്‍പാദനം 2011-12ലെ സ്ഥിരവിലയില്‍ 2013-14 സാമ്പത്തികവര്‍ഷം 4,05,30,850 ലക്ഷം രൂപയില്‍നിന്ന് 2014-15ല്‍ 4,32,36,140 ലക്ഷമായി വര്‍ധിച്ചു. നടപ്പുവിലയില്‍ മൊത്ത ആഭ്യന്തരോല്‍പാദനം 2013-14ലെ 4,62,91,606 ലക്ഷം രൂപയില്‍നിന്ന് 12.31 ശതമാനം വളര്‍ച്ചയോടെ 2014-15ല്‍ 5,19,89,585 ലക്ഷമായി. ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നത് റവന്യൂ വരുമാനം വര്‍ധിപ്പിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ റവന്യൂ ചെലവില്‍ 98 ശതമാനം വളര്‍ച്ചയുണ്ടായി.
ആഭ്യന്തരോല്‍പാദനത്തിന്റെയും വായ്പയുടെയും അനുപാതം കുറയുന്നുണ്ടെങ്കിലും വരുമാനകമ്മി സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റവന്യൂ കമ്മിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായപ്പോള്‍ ധനകമ്മിയില്‍ നേരിയ കുറവുണ്ടായി. 2013-14ല്‍ റവന്യൂ കമ്മി 2.63 ശതമാനമായിരുന്നത് 2014-15ല്‍ 2.78 ശതമാനമായി വര്‍ധിച്ചു. ധനകമ്മി 2013-14ല്‍ 3.94 ആയിരുന്നത് 2014-15ല്‍ 3.75 ശതമാനമായി കുറയ്ക്കാനായി. 2014-15 വരെയുള്ള സംസ്ഥാനത്തിന്റെ മൊത്തം വായ്പ 1,35,440 കോടി രൂപയായതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സാമ്പത്തികാവലോകന റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചത്. പൊതുവിപണിയില്‍നിന്നുള്ളതിന് പുറമേ ആഭ്യന്തര, ചെറുകിട വായ്പകളും കൂടി ചേരുന്നതാണ് പൊതുകടം. 2014-15ല്‍ ആഭ്യന്തര കടത്തിന്റെ വളര്‍ച്ചാനിരക്ക് 15.97 ശതമാനമാണ്. 2013-14ല്‍ 76,804.35 കോടിയായിരുന്ന ആഭ്യന്തരകടം 2014-15ല്‍ 89,067.91 കോടിയായി വളര്‍ന്നു. ചെറുകിട നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട് എന്നിവയില്‍നിന്നുള്ള വായ്പ മൊത്തം കടത്തിന്റെ 29 ശതമാനമായി. 2014-15 വര്‍ഷാവസാനം ഇവയിലുള്ള ബാധ്യത 39,307.28 കോടിയായിട്ടുണ്ട്. 2013-14 വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 3,764.77 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. കേന്ദ്രത്തില്‍നിന്നുള്ള വായ്പകളും മുന്‍കൂറുകളും ചേര്‍ന്നുള്ള ബാധ്യത 7,065.05 കോടിയാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കനത്ത ഇടിവാണ് കാണിക്കുന്നതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റബര്‍ വ്യവസായത്തിലെ പ്രതിസന്ധി സാമ്പത്തികസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. ഇതിലൂടെ നികുതിവരുമാനത്തിനും തിരിച്ചടിയുണ്ടായി. വലിയ പദ്ധതികളിലുള്ള മുതല്‍മുടക്കാണ് ധനകമ്മിയുടെ പ്രധാന കാരണം. മൂലധന നിക്ഷേപത്തില്‍ മുന്‍കാലങ്ങളേക്കാള്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2010-11ല്‍ മൂലധന നിക്ഷേപം 3363.69 കോടിയായിരുന്നത് 2011-12, 12-13ല്‍ വര്‍ധിച്ച് യഥാക്രമം 3,852.92, 4,603.29 കോടിയായി. 2014-15ല്‍ ഇത് 4,254.59 കോടിയായി കുറഞ്ഞു. ശമ്പളത്തിനു വേണ്ട ചെലവ് 2013-14ല്‍ മൊത്തം ചെലവിന്റെ 31.88 ശതമാനത്തില്‍ നിന്ന് 2014- 15ല്‍ 29.75 ആയി. ഈ കാലത്തെ പെന്‍ഷന്‍ ചെലവ് 16.49ല്‍ നിന്ന് 15.68 ശതമാനമായി കുറഞ്ഞു.
ധനകമ്മി വര്‍ധിക്കുന്നതിനനുസരിച്ച് വായ്പയും കൂടിവരുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും പൊതുവിപണിയില്‍നിന്നുള്ള വായ്പയ്ക്ക് പുറമേ ചെറുകിട നിക്ഷേപങ്ങളും പ്രൊവിഡന്റ് ഫണ്ടുമായിരുന്നു സര്‍ക്കാരിന്റെ പ്രധാന ധനാഗമ മാര്‍ഗം. 2013-14ലെ 14.92 ശതമാനത്തില്‍നിന്ന് വായ്പയുടെ വളര്‍ച്ചാനിരക്ക് 13.81 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it