സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹരുടെ ലിസ്റ്റിലും അപാകത; പരിഹരിക്കാന്‍ നിര്‍ദേശം

എച്ച് സുധീര്‍

പത്തനംതിട്ട: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനു തയ്യാറാക്കിയ പട്ടികയിലും അപാകത. ഇത് അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹരായ ആരെങ്കിലും ഒഴിവാക്കപ്പെട്ടതായി ശ്രദ്ധയില്‍ വന്നാല്‍ അവര്‍ക്ക് തടഞ്ഞുവച്ച പെന്‍ഷന്‍ തുക എത്രയും വേഗം നല്‍കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന 40,61,393 ഗുണഭോക്താക്കളില്‍ അനര്‍ഹരായ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് 64,238 പേര്‍ അനര്‍ഹരാണെന്നു കണ്ടെത്തിയതോടെ ഇവരുടെ പെന്‍ഷന്‍ താല്‍ക്കാലികമായി തടയുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു സേവന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ആക്റ്റീവായ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് അനര്‍ഹരെ ഒഴിവാക്കിനിര്‍ത്തിയത്. ഈ പട്ടിക തയ്യാറാക്കിയതില്‍ അപാകത ഉണ്ടെന്ന പരാതി ഉയര്‍ന്നതോടെ വീണ്ടും പരിശോധന നടത്തി 4617 പേര്‍ക്കു കൂടി പെന്‍ഷന്‍ നല്‍കി. നിലവില്‍ 59,621 പേരാണ് അനര്‍ഹരുടെ ലിസ്റ്റില്‍ ഇനിയും അവശേഷിക്കുന്നത്.മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു ലഭിച്ച വിവരങ്ങള്‍പ്രകാരം 1000 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ സ്വന്തമായുള്ളവരുടെയും മരണ രജിസ്‌ട്രേഷന്‍ ഡാറ്റയില്‍ നിന്നു മരണപ്പെട്ടവരുടെ പേരും മേല്‍വിലാസവും നിലവിലുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളുമായി ഒത്തുനോക്കിയുമാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇത്രയേറെ പരിശോധനകള്‍ നടന്നിട്ടും അനര്‍ഹരുടെ പട്ടികയില്‍ നിരവധി ഗുണഭോക്താക്കള്‍ തെറ്റായി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വീണ്ടും പരാതി ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അനര്‍ഹരെന്നു കണ്ടെത്തിയവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നടത്തി അന്തിമ ലിസ്റ്റ് നല്‍കണമെന്ന് അഡീ. ചീഫ് സെക്രട്ടറി ടി കെ ജോസ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. 15 ദിവസത്തിനകം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഈ റിപോര്‍ട്ട് ലഭിച്ച് അഞ്ചുദിവസത്തിനകം ഡയറക്ടറേറ്റിലെ ഡിബിടി സെല്‍ ലിസ്റ്റ് ക്രോഡീകരിച്ച് അനര്‍ഹരുടെ പട്ടികയില്‍നിന്നൊഴിവാക്കി പെന്‍ഷന്‍ പുനസ്ഥാപിച്ചു നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാരിന് കൈമാറണം.

Next Story

RELATED STORIES

Share it