സാമൂഹിക സുരക്ഷാ പെന്‍ഷന്‍ഡാറ്റയില്‍ തിരുത്തല്‍ വരുത്താന്‍ അനുമതി

എച്ച്  സുധീര്‍
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരശേഖരണത്തില്‍ കടന്നുകൂടിയ തകരാറുകളില്‍ തിരുത്തല്‍ വരുത്താന്‍ അനുമതി നല്‍കി ധനകാര്യവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ധാരാളം അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പല തലത്തില്‍ നിന്നും പരാതികള്‍ സര്‍ക്കാരില്‍ ലഭിച്ച സാഹചര്യത്തില്‍ പരിശോധന നടത്തുന്നതിന് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ഡാറ്റാ എന്‍ട്രി താല്‍ക്കാലികമായി തടഞ്ഞുവച്ചിരുന്നു.
എന്നാല്‍, ഡാറ്റാബേസില്‍ ഉള്‍പ്പെടുകയും സാക്ഷ്യപത്രത്തിലെ പിശക്, ബാങ്ക് അക്കൗണ്ടിലെ പിശക്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി ഡിജിറ്റല്‍ സൈന്‍ ചെയ്യാത്തത് തുടങ്ങിയ കാരണങ്ങളാല്‍ പെന്‍ഷന്‍ ലഭിക്കാത്തവരുടെ കാര്യത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനും കഴിഞ്ഞ ദിവസമാണ് ധനകാര്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചത്.
ഈ നിര്‍ദേശപ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍ക്കൊള്ളുകയും എന്നാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല, ആധാര്‍ രേഖപ്പെടുത്തിയിട്ടില്ല, തെറ്റായ/ ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് നമ്പ ര്‍, തെറ്റായ ഐഎഫ്എസ് കോഡ്, സെക്രട്ടറി ഡിജിറ്റല്‍ ഒപ്പുവയ്ക്കാത്തത് തുടങ്ങിയ കാരണങ്ങളാല്‍ പെന്‍ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കളുടെ കാര്യത്തില്‍ ഡാറ്റാബേസി ല്‍ ആവശ്യമായ തിരുത്തലുക ള്‍ വരുത്താം.
ഡാറ്റാബേസില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സംവിധാനം അടിയന്തരമായി ഒരുക്കാന്‍ ഡിബിടി സെല്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. സര്‍ക്കുലര്‍ ഇറങ്ങി 20 ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യമായ തിരുത്തലുകള്‍ ഡാറ്റാബേസില്‍ വരുത്തണം.
അനര്‍ഹരാണെന്നു കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുണഭോക്താക്കളെ അടിയന്തരമായി ഡാറ്റാബേസില്‍ നിന്നു തദ്ദേശഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ നീക്കംചെയ്യണം. ഇത്തരക്കാരെ യാതൊരു കാരണവശാലും തിരികെ ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിക്കരുത്. തെറ്റായി ആരെങ്കിലും ഒഴിവാക്കപ്പെട്ടെന്ന് സെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് ഡിബിടി സെല്ലില്‍ നല്‍കി ഉചിതമായ തീരുമാനമെടുക്കണം. ഡിബിടി സെല്ലിന്റെ അനുമതിയോടെ മാത്രമേ ഗുണഭോക്താവിനെ തിരികെ ഡാറ്റാബേസില്‍ പ്രവേശിപ്പിക്കാവൂ.
സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തിഗത അറിയിപ്പു നല്‍കണം. അറിയിപ്പു ലഭിച്ച് 15 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാത്തവരെ ഡാറ്റാബേസില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it