kasaragod local

സാമൂഹിക-സാമ്പത്തിക ഉച്ചനീചത്വം വിദ്യാഭ്യാസത്തെ ബാധിക്കരുത്: മന്ത്രി

കണ്ണൂര്‍: സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്ത് വിവേചനങ്ങള്‍ പാടില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ പ്ലസ് ടുവിന് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ ജില്ലയിലെ പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹികവും സാമ്പത്തികവുമായി ഉയര്‍ന്നവര്‍ക്ക് മാത്രം മികച്ച വിദ്യാഭ്യാസം സംവരണം ചെയ്യപ്പെട്ട കാലം കഴിഞ്ഞു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവകേരള മിഷന്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇതിലേക്കുള്ള സുപ്രധാന കാല്‍വയ്പ്പാണ്.സമൂഹത്തിലെ അടിസ്ഥാനജനവിഭാഗങ്ങള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിലൂടെ മാത്രമേ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാനാവൂ.
വിദ്യാഭ്യാസത്തെയും വിദ്യാര്‍ഥികളെയും പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സംസ്ഥാന  പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി മാതൃകാപരമാണ്.പഠനം ബൗദ്ധികവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ക്ക് മാത്രമാവരുത്. ഉദാത്തമായ മാനവിക മൂല്യങ്ങള്‍ സ്വായത്തമാക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണണം.
കൂടുതല്‍ അറിയാനുള്ള അഭിവാഞ്ഛയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. പഠനകാലഘട്ടത്തിന് ശേഷവും വിദ്യാര്‍ഥികളായി തുടരാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളജിലും എപ്ലസ് നേടിയ ജില്ലയിലെ 211 വിദ്യാര്‍ഥികള്‍ക്കാണ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 5000 രൂപ വീതം സ്‌കോളര്‍ഷിപ്പായി നല്‍കിയത്.
Next Story

RELATED STORIES

Share it