thrissur local

സാമൂഹിക മാധ്യമങ്ങളില്‍ 95 ശതമാനവും വ്യാജ സന്ദേശങ്ങള്‍: എസ് പി യതീഷ്ചന്ദ്ര

കുന്നംകുളം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ 95 ശതമാനവും തെറ്റായ കാര്യങ്ങളാണെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ്ചന്ദ്ര അഭിപ്രായപ്പെട്ടു. കുന്നംകുളം പ്രസ്സ് ക്ലബ്ബും അക്കിക്കാവ് പിഎസ്എം ഡെന്റല്‍ കോളജും ചേര്‍ന്ന് നടത്തിയ സോഷ്യല്‍ മീഡിയയും വിദ്യാര്‍ഥി സമൂഹവും വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രങ്ങളും ചാനലുകളും ഉണ്ടായ സംഭവങ്ങളാണ് എഴുതുകയും കാണിക്കുകയും ചെയ്യുന്നത്. ഇതിന് ആധികാരികതയുമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ആര്‍ക്കും എന്തും എഴുതുകയും പറയുകയും ചെയ്യാം. വിശ്വാസ്യതക്ക് ഒരുറപ്പുമില്ല. അത് തെറ്റാണെങ്കിലും ആളുകള്‍ വിശ്വാസത്തിലെടുക്കുകയാണ്. വ്യാജമായ സന്ദേശങ്ങളുടെ യഥാര്‍ഥ കാരണം ആരും അന്വേഷിക്കാനും തയ്യാറാകില്ല. ഇത്തരം കാര്യങ്ങളില്‍ നിയമപരമായി ഇടപെടുന്നതിനും സാങ്കേതിക തടസങ്ങളുണ്ട്. വ്യക്തികളെയും മറ്റും കളിയാക്കുന്ന ട്രോള്‍ ഗ്രൂപ്പുകളെ നിയന്ത്രിക്കാനാകില്ല. ഇതിന് പിന്നിലുള്ളവര്‍ ഒളിഞ്ഞിരിക്കുന്നവരാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പേരിലേക്ക് സന്ദേശം എത്തിക്കാന്‍ കഴിയുന്നത് സാമൂഹിക മാധ്യമങ്ങളുടെ ഗുണവും ദോഷവുമാണ്. സാമൂഹിക മാധ്യമങ്ങളുടെയും ഇന്റര്‍നെറ്റുകളുടെയും ചതികള്‍ സ്വയം മനസിലാക്കുകയാണ് പ്രധാനം. അറിയാത്ത ഗ്രൂപ്പുകളില്‍ ചേരാതെയും സൈറ്റുകളില്‍ കയറാതെയും ശ്രദ്ധിക്കാം. മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, യൂസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവ പങ്കുവെയ്ക്കുമ്പോള്‍ കരുതല്‍ വേണം. നല്ലതിന് വേണ്ടി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്നും എസ്പി പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡെന്നി പുലിക്കോട്ടില്‍ അധ്യക്ഷനായി. ചെയര്‍മാന്‍ പി എസ് മുഹമ്മദ്കുട്ടി ഹാജി, പ്രിന്‍സിപ്പല്‍ ഡോ.പി കെ താജുരാജ്, മഹേഷ് തിരുത്തിക്കാട്, സി എഫ് ബെന്നി പ്രസംഗിച്ചു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തിലെ വികസന സെമിനാര്‍ ഇന്ന് നടക്കും. 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് സിറ്റി മഹല്‍ ഓഡിറ്റോറിയത്തിലാണ് സെമിനാര്‍ നടക്കുക. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സെമിനാറില്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it