Kottayam Local

സാമൂഹിക മാധ്യമങ്ങളിലൂടെ ആശുപത്രി ജീവനക്കാരെ അപമാനിച്ച യുവാവിനെതിരേ കേസ്



ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുത്രിയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും, മറ്റു ജീവനക്കാരെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്ന യുവാവിനെതിരേ പോലിസില്‍ പരാതി നല്‍കി. പീരുമേട് സ്വദേശിയും മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയുമായ ലിബിന്‍ കാപ്പി പതാല്‍ എന്നയാള്‍ക്കെതിരേയാണ് ആശുപത്രി സൂപ്രണ്ട് ജില്ലാ പോലിസ്  മേധാവിക്കു പരാതി നല്‍കിയത്. കഴിഞ്ഞ 23ന് ലിബിന്റെ ബന്ധുവായ പീരുമേട് പശുപ്പാറ സ്വദേശി തങ്കമ്മയെ (76) മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അന്നു വൈകീട്ട് 4.30ന് തങ്കമ്മയെ പ്രവേശിപ്പിച്ച് മൂന്നാം വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് നാലുപേര്‍ ചേര്‍ന്ന് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതറിഞ്ഞ് നഴ്‌സ് സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചു ഈ നാലുപേരേയും വാര്‍ഡിനു പുറത്താക്കി. തുടര്‍ന്ന് സെക്യൂരിറ്റിക്കാരനോട്  അസഭ്യഭാഷയില്‍ സംസാരിച്ചതിനുശേഷം  ഇവര്‍ പോയി . പിറ്റേന്ന് രാവിലെ 10.30ന് വാര്‍ഡിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഈ സെക്യൂരിറ്റിക്കാരനെ നാലംഗ സംഘം ഭീഷണിപ്പെടുത്തകയും ഇയാളെ തള്ളി മാറ്റി ഇവര്‍ വാര്‍ഡിലേക്കു പ്രവേശിക്കുകയും ചെയ്തു. മറ്റ് സെക്യൂരിറ്റിക്കാരെത്തി സന്ദര്‍ശന സമയമല്ലാത്തതിനാല്‍ അനധികൃതമായി അകത്തേക്കു പ്രവേശിച്ച ഇവരോട് പുറത്തേക്കു പോവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. കൂടാതെ ഇവരില്‍ ഒരാള്‍ മൊബൈലില്‍ വീഡിയോ പിടിക്കുകയും ചെയ്തു. ഉടന്‍തന്നെ പോലിസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിക്കുകയും പോലിസ് എത്തി ഇവരുമായി സംസാരിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ ബന്ധുവായ രോഗി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി പോവുകയും ചെയ്തു. പിന്നീട് ലിബിന്‍ കാപ്പിപതാല്‍ എന്നയാളുടെ പേരില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെയും ജീവനക്കാരെയും അപമാനിക്കുന്ന തരത്തിലും ഫെസ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റിട്ടെന്നാണ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Next Story

RELATED STORIES

Share it