സാമൂഹിക പ്രവര്‍ത്തക ഇന്ദിര അന്തരിച്ചു

തിരുവനന്തപുരം: ഹ്രസ്വ ചിത്ര സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിര (54) അന്തരിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ദിര ഒരുക്കിയ കഥാര്‍സിസ് ഏറെ അംഗീകരിക്കപ്പെട്ട ഡോക്യുമെന്ററിയാണ്. സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
മലപ്പുറം സ്വദേശിയായ ഇന്ദിരയ്ക്ക് ചെറുപ്പത്തിലേ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. പിന്നീടാണ് സിനിമയുടെ വഴിയിലേക്ക് തിരിഞ്ഞത്. തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു സിനിമാ പഠനം പൂര്‍ത്തിയാക്കി. അക്കാലത്ത് സമാന്തര സിനിമാരംഗത്ത് സജീവമായിരുന്ന പി എ ബക്കര്‍, സുരാസു, അലി അക്ബര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. വളര്‍ന്നുവരുന്ന പ്രതിഭയെന്ന നിലയില്‍, പി എ ബക്കറിന്റെ പ്രിയ ശിഷ്യയായി മാറി. എ എ അസീസിന്റെ അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍ എന്ന ചിത്രത്തിന് അസോസിയേറ്റായി. ലെനിന്‍ രാജേന്ദ്രന്റെ കുലം എന്ന സിനിമയില്‍ അസി. ഡയറക്ടറായി പ്രവര്‍ത്തിച്ചു. പിന്നീട് ഫീച്ചര്‍ സിനിമാ രംഗത്ത് നിന്നു വിട്ടുനിന്നെങ്കിലും നിരവധി ഡോക്യുമെന്ററികളുടെ ഭാഗമായി. ബീനാ പോള്‍ ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍ക്ക് അസോസിയേറ്റായും പ്രവര്‍ത്തിച്ചു.
മികച്ച സമകാലിക ടെലിവിഷന്‍ പരിപാടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ, ഗുജറാത്ത് കലാപത്തെ കുറിച്ച് വിഎം ദീപ ചെയ്ത വഹാ ഇന്‍സാന്‍ കോ മാരായെന്ന ഡോക്യൂമെന്ററിക്കും ചില ടിവി പ്രോഗ്രാം പരമ്പരകള്‍ക്കും കാമറയും കൈകാര്യം ചെയ്തു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കഥാര്‍സിസ്, പങ്കെടുത്ത മറ്റു ആറു മേളകളിലും അംഗീകാരങ്ങള്‍ നേടി.
Next Story

RELATED STORIES

Share it