സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം; എസ്എന്‍ഡിപി യൂനിയന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: തദ്ദേശ ഭരണതിരഞ്ഞെടുപ്പില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയതിന് എസ്എന്‍ഡിപി ചങ്ങനാശ്ശേരി യൂനിയന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോട്ടയം ജില്ലാ കലക്ടര്‍ മുഖേന അടിയന്തരമായി നോട്ടീസ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനും കമ്മീഷന്‍ ഉത്തരവായി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗം എ വി റസ്സല്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
കേരളാ പഞ്ചായത്തീരാജ് ആക്റ്റ് 21ാം വകുപ്പ് പ്രകാരവും മുനിസിപ്പാലിറ്റി ആക്റ്റ് 145 വകുപ്പ് പ്രകാരവും മതം, വംശം, ജാതി തുടങ്ങിയവ ആധാരമാക്കി തിരഞ്ഞെടുപ്പില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് വിലക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരനും സിപിഎം നേതാക്കള്‍ക്കുമെതിരായ പരാമര്‍ശങ്ങളുമായി ചങ്ങനാശ്ശേരി എസ്എന്‍ഡിപി യൂനിയന്‍ ഇറക്കിയ പ്രചാരണ നോട്ടീസില്‍ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രചാരണ നോട്ടീസിലുടനീളം സമുദായസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളാണുള്ളത്. ഈ മാസം 30ന് വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റും സെക്രട്ടറിയും നോട്ടീസ് അച്ചടിച്ച പ്രസ്സിന്റെ ഉടമയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നേരിട്ടു ഹാജരാവണം.
ഹാജരായില്ലെങ്കില്‍ നടപടിയെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എസ്എന്‍ഡിപി യോഗം എന്തുകൊണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന അഭ്യര്‍ഥനയില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളുണ്ടെന്നാണു പരാതിയില്‍ പറയുന്നത്. നമ്മുടെ ദൈവമായ ശ്രീനാരായണ ഗുരുവിനെ നിന്ദയോടുകൂടി ആക്ഷേപിച്ച സിപിഎമ്മിന് തക്ക ശിക്ഷ നല്‍കണമെന്നാണ് ഇതിലെ പരാതിക്കാധാരമായ പരാമര്‍ശങ്ങളിലൊന്ന്. ഇത്തരം പരാമര്‍ശങ്ങള്‍ നിയമത്തിനു വിരുദ്ധമാണോയെന്നു പരിശോധിച്ച് കമ്മീഷന്‍ തീരുമാനമെടുക്കും.
Next Story

RELATED STORIES

Share it