kasaragod local

സാമുദായിക സംഘര്‍ഷ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ്



കാസര്‍കോട്: നഗരത്തിലും പരിസരങ്ങളിലും 2000 മുതല്‍ 2017 വരെ നടന്ന സാമുദായിക സംഘര്‍ഷ കേസുകളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ മേല്‍നോട്ടത്തില്‍ ട്രാഫിക് എസ്‌ഐ പുരുഷോത്തമന്‍, എഎസ്‌ഐമാരായ കെ പി വി രാജീവന്‍, ജനാര്‍ദ്ദനന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സുകുമാരന്‍, സുരേഷന്‍ ക്ലായിക്കോട് എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് രൂപീകരിച്ചത്.ഇത്തരം കേസുകളിലെ പല പ്രതികളും ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. യഥാസമയം പ്രതികള്‍ ഹാജരാവാത്തതു മൂലം കേസ് നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്. മുഴുവന്‍ കേസുകളിലും പരിശോധന നടത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് പ്രത്യേക സംഘം സിഐക്ക് കൈമാറും.കാസര്‍കോട് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സാമുദായിക സംഘര്‍ഷ കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അക്രമകേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികളുടെ പേര് പോലും രേഖപ്പെടുത്താറില്ല. വ്യാജ പേരുകളും വിലാസവുമാണ് പലപ്പോഴും രേഖപ്പെടുത്തുന്നത്. സാമുദായിക സംഘര്‍ഷം ഇളക്കിവിടാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികളെ തന്നെ മാറ്റിമറിക്കപ്പെടുന്നതെന്നും ആരോപണമുണ്ട്. നിരവധി കേസുകളില്‍ പ്രതികളായ പലരും ഇപ്പോഴും അക്രമങ്ങളുമായി രംഗത്തുണ്ട്. എന്നാല്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ സംഘത്തിന് നല്‍കുന്ന ഒത്താശയോടെ ഇവര്‍ രക്ഷപ്പെടുകയാണ് പതിവ്. മധൂര്‍ പഞ്ചായത്ത്, കാസര്‍കോട് നഗരസഭ എന്നിവിടങ്ങളിലാണ് കൂടുതല്‍ ക്രിമിനലുകളുള്ളത്. ചില കോളനികള്‍ കേന്ദ്രീകരിച്ചും ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൊലപാതകം അടക്കം കേസുകളില്‍ പ്രതികളായവരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും കാസര്‍കോട് സ്റ്റേഷന്‍ പരിധിയില്‍ ഇത് നടക്കാറില്ല. സംഘപരിവാറിന് ഒത്താശ ചെയ്യുന്ന ചില പോലിസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി പ്രതികളെ രക്ഷപ്പെടുത്തുകയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ ആര്‍ഡിഒ കോടതിയില്‍ റിപോര്‍ട്ട് നല്‍കാറുണ്ടെങ്കിലും പല ഗുണ്ടകളേയും ഇതില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് ആരോപണമുണ്ട്. സിനാന്‍ വധക്കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത സാഹചര്യത്തില്‍ പോലിസിനെതിരേ നാനാഭാഗത്ത് നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. കേസന്വേഷിച്ച അന്നത്തെ കുമ്പള സിഐക്കും കാസര്‍കോട് എസ്‌ഐക്കും എതിരേ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം നടത്തിയത്. ഈ സാഹചര്യത്തിലാണ് സാമുദായിക സംഘര്‍ഷ കേസുകളെ കുറിച്ച് വിശദമായി അന്വേഷിക്കാനും മുങ്ങിനടക്കുന്ന പ്രതികളെ പിടികൂടാനും പോലിസ് പുതിയ സ്‌ക്വാഡ് രൂപീകരിച്ചത്. നാലും അഞ്ചും കൊലക്കേസുകളില്‍ പ്രതികളായവര്‍ പോലും നഗരത്തില്‍ പട്ടാപ്പകല്‍ ഭീഷണി മുഴക്കുന്ന സാഹചര്യവും നിലവിലുണ്ട്.
Next Story

RELATED STORIES

Share it