Flash News

സാമുദായിക വിദ്വേഷം: വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് നിരോധനം വരുന്നു

ന്യൂഡല്‍ഹി: സാമുദായിക വിദ്വേഷത്തിനു കാരണമാകുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും വെബ്‌സൈറ്റുകള്‍ വഴിയും പ്രചരിപ്പിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനം. വിവിധ വെബ്‌സൈറ്റുകള്‍ വഴി സോഷ്യല്‍ മീഡിയകളിലൂടെ പടര്‍ന്നുപിടിക്കുന്ന ഇത്തരം വീഡിയോകള്‍ നിരോധിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. മത-വര്‍ഗീയ വിദ്വേഷം പരത്തുന്ന ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ സംഘപരിവാര പ്രവര്‍ത്തകന്‍ ജീവനോടെ ചുട്ടുകൊന്ന അഫ്‌റാസുലിന്റെ വിധവയ്ക്കു വേണ്ടി വ്യാഴാഴ്ചയാണ് ഇന്ദിര ജയ്‌സിങ് കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍, ഹരജിയിലെ ചില ഭാഗങ്ങളോട് കോടതി എതിര്‍പ്പു പ്രകടിപ്പിച്ചതിനാല്‍ ഹരജിയില്‍ ഭേദഗതി വരുത്തി അടുത്ത ദിവസം വീണ്ടും ഹരജി സമര്‍പ്പിക്കും. അഫ്‌റാസുലിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം തീകൊളുത്തി കൊല്ലുന്ന രംഗം ചിത്രീകരിച്ച വീഡിയോ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇതു സംബന്ധിച്ച പുതിയ ഹരജി അടുത്ത ദിവസം ഫയല്‍ ചെയ്താല്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തും. അഫ്‌റാസുലിന്റെ കൊലപാതകം ചിത്രീകരിച്ച വീഡിയോ സൈബര്‍ ഇടങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നിര്‍ദേശവും കോടതി നല്‍കും.
Next Story

RELATED STORIES

Share it