Kottayam Local

സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു; ചെലവ് 28 ലക്ഷത്തില്‍ കവിയരുത്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുന്നതിനു പ്രചാരണ സാമഗ്രികളുടെ നിരക്കു നിശ്ചയിച്ചതായി കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
പന്തല്‍, പ്രസംഗ പീഠമുളള സ്റ്റേജ് എന്നിവ നിര്‍മിക്കുന്നതിന് ചതുരശ്ര അടിക്ക് യഥാക്രമം 12 രൂപയും 40 രൂപയും പ്രസംഗപീഠം ഒന്നിന് 500 രൂപയുമാണ് നിരക്ക്. ഗെയിറ്റ് നിര്‍മാണ ചെലവ് ചതുരശ്ര അടിക്ക് 100 രൂപമുതല്‍ 120 രൂപ വരെയും വാടക 3000 മുതല്‍ 3500 രൂപവരെയുമാണ്.
റൗണ്ട് ആര്‍ച്ചിന് 4000 രൂപയും ബോക്‌സ് ആര്‍ച്ചിന് 3000 രൂപയുമാണ് 10 ദിവസത്തേക്കുളള നിരക്ക്. തുണികൊണ്ടുളള ഹോര്‍ഡിങ്‌സിന് ചതുരശ്ര അടിക്ക് 30 രൂപയും ഫഌക്‌സിന് 25 രൂപയുമാണ് നിരക്ക്. പ്ലാസ്റ്റിക് കസേര ഒന്നിന് മൂന്ന് രൂപയും മേശയ്ക്ക് 20 രൂപയും വിഐപി കസേരയ്ക്ക് 250 രൂപയും കുഷ്യനിട്ട ചെറിയ കസേരയ്ക്ക് 25 രൂപയുമാണ് ദിവസ വാടക. തുണികൊണ്ടുളള ബാനറിന് ചതുരശ്ര അടിക്ക് 15 രൂപയും ഫള്ക്‌സ് ബാനറിന് എട്ട് രൂപയുമാണ് നിരക്ക്.
തുണികൊണ്ടുളള വലിയ കൊടിക്ക് 40 രൂപയും ചെറിയ കൊടിയ്ക്ക് 15 രൂപയും പ്ലാസ്റ്റിക് കൊടിക്ക് 20 രൂപയുമാണ് ചെലവ് നിശ്ചയിച്ചിട്ടുളളത്. നോട്ടീസുകള്‍, പോസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിന് വലിപ്പമനുസരിച്ച് 1000 എണ്ണത്തിന് 2500 രൂപയ്ക്കും 3000ത്തിനുമിടയിലാണ് നിരക്ക്. തടി, തുണി, പ്ലാസ്റ്റിക് കട്ട് ഔട്ടുകളുടെ നിരക്ക് ചതുരശ്ര അടിക്ക് യഥാക്രമം 40, 35,30 രൂപ വീതമാണ്. സിഡി പ്ലയര്‍ ടിവി സെറ്റ് അല്ലെങ്കില്‍ ലാപ്‌ടോപ്പ് എല്‍സിഡി പ്രോജക്ടര്‍, സ്‌ക്രീന്‍ എന്നിവയക്ക് 2000 രൂപയും ഓഡിയോ കാസറ്റുകള്‍ക്കും ഓഡിയോ റിക്കോഡിങ്ങിനും 1000 രൂപയുമാണ് ഒരു ദിവസത്തെ നിരക്ക്.
1500 സിസിക്ക് മേലുളള മോട്ടോര്‍ ക്യാബിന് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയും പിന്നീട് 15 രൂപയുമാണ് നിരക്ക്.
പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു ടൗണ്‍ ഏരിയയില്‍ സ്‌ക്വയര്‍ ഫീറ്റിന് 15 രൂപയും മറ്റിടങ്ങളില്‍ 10 രൂപയുമാണ് സ്ഥലത്തിന്റെ മാസ വാടക. 48 ചതുരശ്ര അടിയുളള ചുവരെഴുത്തിന് 800 രൂപയാണ് നിരക്ക്. എ ഫോര്‍ സൈസിലുളള മള്‍ട്ടി കളര്‍ നോട്ടീസുകള്‍ അച്ചടിക്കുന്നതിന് ആയിരം എണ്ണത്തിന് 2750 രൂപയും പതിനായിരത്തിന് 9000 രൂപയും 50000ത്തിന് 37000 രൂപയും 100 ജിഎസ്എം ആര്‍ട്ട് പേപ്പറിലുളള ലഘുലേഖകള്‍ 1000 എണ്ണത്തിന് 2500 രൂപയും 10,000ത്തിന് 7750 രൂപയും 50,000 ത്തിന് 31000 രൂപയുമാണ് നിരക്ക്.
ചെണ്ടമേളത്തിന് ഒരാള്‍ക്ക് 600 രൂപയും ഫോട്ടോയുടെ വലിപ്പമനുസരിച്ച് കോപ്പി ഒന്നിന് 20, 30, രൂപ വീതവും, ചിഹ്നമുളള ലേസര്‍ പ്രിന്റ് ഫോട്ടോകള്‍ക്ക് വലിപ്പമനുസരിച്ച് 100 കോപ്പികള്‍ക്ക് 700, 800, 900 രൂപ വീതവും ഫോട്ടോ പതിച്ച മള്‍ട്ടി കളര്‍ സ്റ്റിക്കര്‍ ഒന്നിന് 20രൂപയും 100 എണ്ണത്തിന് 800 രൂപയും ഫോട്ടോ പതിച്ച ബലൂണ്‍ ഒന്നിന് 10 രൂപയും ഒരുമീറ്ററിന് 300 രൂപയുമാണ് നിരക്ക്.
ഈ നിരക്കിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുക. ചെലവ് 28 ലക്ഷത്തില്‍ കവിയാന്‍ പാടുള്ളതല്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പിറ്റേന്നു മുതല്‍ സ്ഥാനാര്‍ഥികള്‍ ചെലവ് വിവരങ്ങള്‍ നല്‍കണം. പ്രത്യേക ഫോറത്തിലാണിതു നല്‍കേണ്ടത്.
ഫലപ്രഖ്യാപനം നടക്കുന്ന ദിവസമുള്‍പ്പെടെയുള്ള ചെലവിന്റെ കണക്ക് കൃത്യമായി നല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it