Kottayam Local

സാബിറിന്റെ മരണം: അന്വേഷണം ഇഴയുന്നതായി പരാതി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നടയ്ക്കല്‍ മാങ്കുഴയ്ക്കല്‍ സാബിര്‍ (30) ഫെബ്രുവരി 11ന് കണ്ണൂരിലെ മലബാര്‍ പ്ലാസ ടൂറിസ്റ്റ് ഹോമില്‍ മരിച്ച സംഭവം ദുരൂഹമാണെന്നും സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി കാണിച്ച് ഭാര്യ നിസായും, പിതാവ് അബ്ദുല്‍ സലാമും പോലിസിനു നല്‍കിയ പരാതിയില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
കേരള രാഷ്ട്രീയത്തിലെ ഒരു ഉന്നതന്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ടതായും ഉടന്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഇയാള്‍ പോലിസിനു നിര്‍ദേശം നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. വാഹന കച്ചവടക്കാരനായ സാബിറിനെ ഫെബ്രുവരി 11ന് പുലര്‍ച്ചെ ടൂറിസ്റ്റ് ഹോമിന്റെ ടെറസില്‍ നിന്ന് വീണു പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ടൂറിസ്റ്റ് ഹോമിലെ ഗോവണിയില്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് ഈരാറ്റുപേട്ടയിലെ ബന്ധുക്കളെ കണ്ണൂരില്‍ നിന്നു വിളിച്ചറിയിച്ചത്. പിന്നീടാണ് ടെറസില്‍ നിന്നു വീണാണു മരണം സംഭവിച്ചതെന്ന് അറിയുന്നത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ഈരാറ്റുപേട്ടയിലെത്തിച്ച് ഖബറടക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മരണം കൊലപാതകമെന്ന് സൂചന നല്‍കുന്നതായി പോലിസിനു നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ചൂണ്ടി കാണിച്ചിരുന്നു.
സാബിര്‍ അമിതമായി മദ്യപിച്ചിരുന്നതായും ഇതാണ് അപകടത്തിന് ഇടയാക്കിയതെും ചിലര്‍ നാട്ടില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ സാബിര്‍ മദ്യപിച്ചിരുന്നില്ല എന്നു വ്യക്തമാക്കുന്നുണ്ട്. ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണമെന്നും, ആത്മഹത്യ ചെയ്തതാണെന്നും ഉള്‍പ്പെടെ പല വാര്‍ത്തകളും സാബിറിന്റെ മരണകാരണമായി പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു.
ടൂറിസ്റ്റ് ഹോമിലെ സിസി കാമറയില്‍ സാബിര്‍ വീഴുന്നത് കാണുമ്പോള്‍ മറ്റാരോ തള്ളിയിടുന്നതുപോലെ തോന്നുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പരാതി നല്‍കിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
അന്ന് പ്രസ്തുത ടൂറിസ്റ്റ് ഹോമില്‍ നടന്ന സംഭവത്തെ കുറിച്ചു വ്യക്തമായ അന്വേഷണം നടത്താന്‍ പോലും പോലിസ് ശ്രമിച്ചിട്ടില്ല. ഇതിനു പിന്നില്‍ ഉന്നത നേതാവിന്റെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്നെന്നും ഇവര്‍ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റ് മന്ത്രിമാര്‍ കോട്ടയം ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
Next Story

RELATED STORIES

Share it