സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്

കൊച്ചി: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ 11ാം പതിപ്പിനു തിരുവനന്തപുരം തന്നെ വേദിയാവും. ഡിസംബര്‍ 23 മുതല്‍ ജനുവരി മൂന്നുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍. മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് വന്‍ തുക ഫീസായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.
ചര്‍ച്ചകളെ തുടര്‍ന്ന് ഫീസ് കുറച്ചതിന്റെ അടിസ്ഥാനത്തിലാണു തിരുവനന്തപുരത്ത് തന്നെ ചാംപ്യന്‍ഷിപ്പ് നടത്താന്‍ ധാരണയായതെന്ന് കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ കരാര്‍ പ്രകാരം ഓരോ മല്‍സരത്തിനും രണ്ടു ലക്ഷം രൂപവീതമാണു വാടകയായി നല്‍കേണ്ടത്. എല്ലാ മല്‍സരങ്ങള്‍ക്കുമായി 30 ലക്ഷം രൂപ മാത്രമേ വാടകയിനത്തില്‍ ചെലവാകുകയുള്ളൂ. നേരത്തേ ഒരു മല്‍സരത്തിന് 34 ലക്ഷം രൂപയായിരുന്നു സ്റ്റേഡിയം ഉടമകള്‍ നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന്റെ പരിപാലനം അടക്കമുള്ള ചെലവുകള്‍ സഹിതമായിരുന്നു ഇത്. പുതിയ ധാരണപ്രകാരം സ്റ്റേഡിയത്തിന്റെ സുരക്ഷ, പരിപാലനം, ഹൗസ് കീപ്പിങ് തുടങ്ങിയ കാര്യങ്ങള്‍ സംഘാടകര്‍ തന്നെ സ്വന്തമായി ഒരുക്കണം. രണ്ട് ഗ്രൂപ്പുകളിലായാണ് സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ ഷെഡ്യൂള്‍.
23ന് ഉദ്ഘാടനമല്‍സരത്തില്‍ നീപ്പാളും ശ്രീലങ്കയും ഏറ്റുമുട്ടും. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും. 31ന് സെമിഫൈനല്‍ മല്‍സരങ്ങളും ജനുവരി മൂന്നിന് ഫൈനലും നടക്കും.ടൂര്‍ണമെന്റ് പാര്‍ട്ണറായ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് സൗത്ത് ഏഷ്യ ഓപറേഷന്‍ ഹെഡ് ദീപക് സിങ്, കെഎഫ്എ സെക്രട്ടറി പി അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it