സാഫ് ഗെയിംസ്: രണ്ടാം ദിനവും ഇന്ത്യന്‍ സ്വര്‍ണവേട്ട

ഗുവാഹത്തി: 12ാമതു ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനത്തിലും ഇന്ത്യന്‍ താരങ്ങളുടെ സ്വര്‍ണവേട്ട. ഇന്നലത്തെ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ 28 സ്വര്‍ണവും 12 വെള്ളിയും മൂ ന്ന് വെങ്കലവുമടക്കം 43 മെഡലുകളുമായി ഇന്ത്യ ബഹുദൂരം മുന്നിലാണ്.
എട്ടു സ്വര്‍ണവും 17 വെള്ളിയും 13 വെങ്കലവുമടക്കം 38 മെഡലുകളുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്തും രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമടക്കം 13 മെഡലുകളുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമാണ്.
ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍ എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. സാഫിലെ മറ്റൊരു ര്ാജ്യമായ ഭൂട്ടാന് ഇതു വരെ മെഡലുകളൊന്നും ലഭിച്ചിട്ടില്ല. മലയാളി താരങ്ങളായ സാജന്‍ പ്രകാശ് നീന്തലിലും ലിഡിയ മോള്‍ സൈക്ലിങിലും രാജ്യത്തിനു വേണ്ടി സ്വര്‍ണമണിഞ്ഞു.
1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് നീന്തലില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണ പ്രതീക്ഷയായ സാജന്‍ സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോഡോടെയാണ് സാജന്‍ ഇന്നലെ സ്വര്‍ണം കഴുത്തിലണിഞ്ഞത്. സൈക്ലിങില്‍ 40 കിലോമീറ്റര്‍ ക്രൈറ്റീരിയം വിഭാഗത്തിലായിരുന്നു ലിഡിയയുടെ സ്വര്‍ണ നേട്ടം. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ മനോരമ ദേവി വെള്ളി നേടി. ഭാരദ്വോഹനത്തിലും ഇന്നലെ ഇന്ത്യ രണ്ട് സ്വര്‍ണം കരസ്ഥമാക്കി. പുരുഷന്‍മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ സമ്പോ ലാപ്പുങും വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തില്‍ സരസ്വതി റൗത്തുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഭരദ്വോഹനത്തില്‍ ഇന്ത്യയ്ക്കു ആകെ അഞ്ച് സ്വര്‍ണം കരസ്ഥമാക്കാനായി.
മീറ്റിന്റെ ആദ്യ ദിനവും ഇന്ത്യയ്ക്കു 14 സ്വര്‍ണമടക്കം 19 മെഡലുകളാണ് ലഭിച്ചത്. ഇന്നലെയും 14 സ്വര്‍ണം നേടിയ ഇന്ത്യ സാഫില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it