സാഫ് ഗെയിംസ്: ബഹുദൂരം മുന്നോട്ട് ഇന്ത്യ

ഗുവാഹത്തി: 12ാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പടയോട്ടം തുടരുന്നു. ആറു ദിവസത്തെ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ 117 സ്വര്‍ണവും 61 വെള്ളിയും 16 വെങ്കലവുമടക്കം 194 മെഡലുകളുമായി ആതിഥേയരായ ഇന്ത്യ എതിരാളികളെ ഏറെ പിന്നിലാക്കിയിരിക്കുകയാണ്.
24 സ്വര്‍ണവും 46 വെളളിയും 63 വെങ്കലവുമടക്കം 133 മെഡലുകളുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്തും, ഏഴ് സ്വര്‍ണവും 20 വെള്ളിയും 32 വെങ്കലവുമടക്കം 59 മെഡലുകളുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമാണ്.
ഷൂട്ടിങിലും വുഷുവിലും അത്‌ലറ്റിക്‌സിലും ഇന്നലെ ഇന്ത്യ സ്വര്‍ണം വാരിക്കൂട്ടി. ഷൂട്ടിങില്‍ മലയാളി താരം എലിസബത്ത് സൂസന്‍ കോശി ഉള്‍പ്പെട്ട ടീമിനാണ് സ്വര്‍ണം ലഭിച്ചത്. കഹിലിപ്പറ ഷൂട്ടിങ് റേഞ്ചില്‍ നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിള്‍ വിഭാഗത്തിലാണ് എലിസബത്തും പൂജ ഗാട്കറും മല്‍സരിച്ചത്.
അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്ര, പുരുഷന്‍മാരുടെ 400 മീറ്ററില്‍ ആരോഗ്യ രാജീവ്, ഡിസ്‌കസ് ത്രോയില്‍ അര്‍ജുന്‍, പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ സുന്ദര്‍, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗായത്രി, പുരുഷവിഭാഗം ലോങ്ജംപില്‍ അങ്കിത് ശര്‍മ, വനിതകളുടെ ഹൈജംപില്‍ സഹനകുമാരി എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഇന്നലെ സ്വര്‍ണമണിഞ്ഞത്.
നീന്തല്‍കുളത്തിലെ കലാശപ്പോരാട്ട ദിനമായ ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ അഞ്ച് സ്വര്‍ണം വാരിയെടുത്തു. ഷില്ലോങില്‍ നടന്ന വുഷുവില്‍ എട്ടു സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. ടേബിള്‍ ടെന്നീസിലും ഏഴ് സ്വര്‍ണം ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കി.
മാലദ്വീപിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
ഇന്നലെ നടന്ന പുരുഷന്‍മാരുടെ ഫുട്‌ബോളില്‍ ഇന്ത്യ മാലദ്വീപിനെ തോല്‍പ്പിച്ച് സെമി ഫൈനലില്‍ കടന്നു. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
ഉദന്ത് സിങ് ഇന്ത്യക്കായി ഇരട്ട ഗോള്‍ നേടി. നാലാം മിനിറ്റിലും 59ാം മിനിറ്റിലുമാണ് ഉദന്ത് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. 11ാം മിനിറ്റില്‍ പ്രിതം കോട്ടാലാണ് ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍. നേരത്തെ ആദ്യ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it