kozhikode local

സാന്‍ഡ് ബാങ്ക്‌സ്: റോഡ് മാര്‍ക്കിങ്ങും സ്ഥല പരിശോധനയും ആരംഭിച്ചു



വടകര: വടകരയുടെ വികസനത്തിനും, താഴെ അങ്ങാടിയുടെ വലിയ മാറ്റത്തിനും തുടക്കം കുറിക്കുന്ന സാന്‍ഡ്ബാങ്ക്‌സ് ടൂറിസം റോഡിന്റെ റോഡ് മാര്‍ക്കിങ്ങും, സ്ഥല പരിശോധനയും ആരംഭിച്ചു. ഈ റോഡ് വികസനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വടകര റസ്റ്റ് ഹൗസില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ സാന്‍ഡ്ബാങ്ക്‌സ് റോഡ് വികസനത്തിനായി കഴിഞ്ഞ ബഡ്ജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. 3.875 കിലോ മീറ്റര്‍ നീളവും, അഞ്ചര മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന ഈ റോഡ് മെക്കാടന്‍ താറിങ്ങാണ് നടത്തുക. റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങിന് സമീപമുള്ള ഓവുപാലം പുതുക്കി പണിയുകയും, റോഡിനോട് ചേര്‍ന്നുള്ള പഴയ സ്ലാബുകള്‍ എല്ലാം തന്നെ മാറ്റി സ്ഥാപിക്കുകയും ചെയ്യും. ഇന്നലെ കാലത്ത് പത്ത് മണിയോടെയാണ് പൊതുമരാമത്ത് റോഡ്‌സ് സെക്ഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സ്ഥല പരിശോധനയും, മാര്‍ക്കിങ്ങും ആരംഭിച്ചത്. സ്ഥല പരിശോധന കഴിഞ്ഞാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് എംഎല്‍എയ്ക്ക് കൈമാറാന്‍ പിഡബ്ല്യൂഡി എന്‍ജിനീയറെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം അടുത്ത ദിവസം തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ കൊണ്ട് നിര്‍വ്വഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നീക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. സികെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, പിഡബ്ല്യൂഡി റോഡ്‌സ് വിഭാഗം എന്‍ജിനീയര്‍ സി ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊ.കെകെ മഹമൂദ്, കെ ബാലകൃഷ്ണന്‍, സോമന്‍ മുതുവന, കാനപള്ളി ബാലകൃഷ്ണന്‍, മുക്കോലയ്ക്കല്‍ ഹംസ, പി അച്ചുതന്‍, സി കുമാരന്‍, കൊയിലോത്ത് ബാബു, വിപി ഇബ്രാഹിം, എം ബിജു, എന്‍പിഎം നഫ്‌സല്‍, വൈസ് ചെയര്‍മാന്‍ കെപി ബിന്ദു, പി സഫിയ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it