kozhikode local

സാന്‍ഡ്ബാങ്ക്‌സ് ഗ്രൗണ്ടില്‍ വെള്ളപ്പൊക്കം

വടകര: ഫുട്‌ബോള്‍ മല്‍സരത്തിനായി ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്തത് തിരിച്ച് ഗ്രൗണ്ടില്‍ നിക്ഷേപിക്കാത്തത് കാരണം സാന്‍ഡ്ബാങ്ക്‌സ് ഗ്രൗണ്ടില്‍ വെള്ളപ്പൊക്കം. ഡിവൈഎഫ്‌ഐ വടകര നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് 31 നായിരുന്നു ഈ ഗ്രൗണ്ടില്‍ വച്ച് ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചത്. മല്‍സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
മണ്ണ് നീക്കം ചെയ്തതോടെ ഗ്രൗണ്ടിന് നടുവിലായി കുളം രൂപത്തില്‍ കുഴി പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കളി കഴിഞ്ഞിട്ടും നീക്കം ചെയ്ത മണ്ണ് യഥാസ്ഥാനത്ത് കൊണ്ടിടാന്‍ മല്‍സരം സംഘടിപ്പിച്ച സംഘാടകര്‍രായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുതിര്‍ന്നില്ല. കാലവര്‍ഷം കനത്തതോടെ ശക്തമായുണ്ടായ മഴയില്‍ ഈ ഗ്രൗണ്ടില്‍ സാധാരണയുണ്ടാകുന്നതിനേക്കാള്‍ വന്‍ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് പ്രദേശവാസികളില്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അവധി ദിവസങ്ങളിലും മറ്റും നൂറ് കണക്കിന് ആളുകളാണ് വടകരയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാന്‍ഡ്ബാങ്ക്‌സില്‍ എത്തിച്ചേരുന്നത്. ഇവിടെ എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസം നേരിടുന്നത് കാരണം ഈ ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്യാറ്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എത്തിയവര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏറെ പ്രയാസപ്പെട്ടു. പെരുന്നാള്‍ ദിവസത്തില്‍ ആയിരക്കണക്കിന് ആളു എത്തിച്ചേരുന്ന സാന്‍ഡ്ബാങ്ക്‌സില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഉപയോഗത്തിന് ശേഷം മറ്റു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സംഘാടകരായ ഡിവൈഎഫ്‌ഐ സ്വീകരിച്ച നിലപാടില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതോടൊപ്പം ഗ്രൗണ്ട് പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം സ്ഥിരമായി പ്രദേശത്തെ വിദ്യാര്‍ഥികളും മറ്റും സ്‌പോര്‍ട്‌സ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഈ ഗ്രൗണ്ടില്‍ വെള്ളം കയറിയതോടെ കളി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നാണ് വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it