kozhikode local

സാന്റ്ബാങ്ക്‌സ് ടൂറിസം പദ്ധതി; രണ്ടാംഘട്ട ഉദ്ഘാടന സ്വാഗതസംഘരൂപീകരണം നാട്ടുകാര്‍ തടഞ്ഞു

വടകര: സാന്റ്ബാങ്ക്‌സ് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്ഘാടന പരിപാടി വിലയിരുത്തുന്നതിനായി ചേര്‍ന്ന സ്വാഗതസംഘ രൂപികരണ യോഗം നാട്ടുകാര്‍ തടഞ്ഞു.
ഇന്നലെ വൈകുന്നേരം സാന്റ്ബാങ്ക്‌സില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. എന്നാല്‍ സാന്റ്ബാങ്കിസിനോട് ചേര്‍ന്നു കിടക്കുന്ന ഫിഷിങ് ലാന്റ്‌സെന്റിന് അനുവദിച്ച ഭൂമിയില്‍ തീരദേശ പോലിസ് സ്‌റ്റേഷന്റെ സ്പീഡ് ബോട്ട് ജെട്ടി നിര്‍മിക്കാനുള്ള സ്ഥലം അനുവദിക്കാതിരിക്കുക. നിയമവിരുദ്ധമായി നടക്കുന്ന മണല്‍ക്കൊള്ള അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം. എന്നീ രണ്ട് ആവശ്യങ്ങള്‍ക്ക് തീരുമാനം വരാതെ ഉദ്ഘാടനം നടത്താന്‍ പാടില്ലെന്ന് പറഞ്ഞാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ യോഗം തടഞ്ഞത്.
തിരദേശ പോലിസ് സ്റ്റേഷന്റെ പണി തീര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകുന്നത് സ്പീഡ് ബോട്ടിന്റെ ജെട്ടി നിര്‍മിക്കാനുള്ള സ്ഥലം ലഭ്യാമാകാത്തതിനാലാണ്. ഇതിനായുള്ള സ്ഥലം ഫിഷ്‌ലാന്റ് സെ ന്റര്‍ ഭൂമിയില്‍ നിന്ന് നല്‍കണമെന്നാണ് താഴെഅങ്ങാടി കോണ്‍ഗ്രസ് കമ്മിറ്റി മുനിസിപ്പാലിറ്റിക്ക് നിവേദനം നല്‍കിയത്.
എന്നാല്‍ ഈ ഭൂമിയില്‍ മറ്റൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന വാദവുമായി മുസ്‌ലിംലീഗ് രംഗത്ത് വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന യോഗത്തിനിടയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഫിഷിങ് ലാന്റ് സെന്റിന്റെ സ്ഥലം തീരദേശ പോലിസ് സ്റ്റേഷന്റെ ജെട്ടി നിര്‍മാണ ആവശ്യത്തിനായി വിട്ടുകൊടുക്കുമെന്ന വാദമാണ് ഉന്നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്. മുനിസിപ്പാലിറ്റി ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ ഫിഷ്‌ലാന്റ് സെന്ററിന്റെ പ്രവൃത്തി ആരംഭിക്കാത്തതില്‍ നാട്ടുകാര്‍ക്ക് വളരെയധികം അമര്‍ഷമുണ്ടായിരുന്നു. നിരവധി മല്‍സ്യത്തൊഴിലാളികള്‍ക്ക് സുഖമമായി മല്‍സ്യബന്ധനം നടത്താനും കച്ചവടം ചെയ്യാനും പറ്റുന്ന പദ്ധതിയാണ് വൈകിപ്പിച്ചിരിക്കുന്നതെന്നും പ്രദേശത്തിന്റെ വികാരം മനസിലാക്കി കൊണ്ടുള്ള ഭരണ സംവിധാനമാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it