Azhchavattam

സാന്ത്വനവര്‍ണങ്ങള്‍

സാന്ത്വനവര്‍ണങ്ങള്‍
X
kavitha-chithram33അഞ്ജുഷ  കൊമ്മടത്ത്
കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമാവാനാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി നിയമപഠന വിഭാഗം മേധാവിയും ഫാക്കല്‍റ്റി ഡീനും ചിത്രകാരിയുമായ കവിത ബാലകൃഷണന്‍ തന്റെ ചിത്രരചനകള്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിലുള്ള 27 ചിത്രങ്ങളുടെ വില്‍പനയില്‍ നിന്നുള്ള മുഴുവന്‍ ലാഭവും കാന്‍സര്‍ രോഗികള്‍ക്കായുള്ള പാലിയേറ്റീവ് കെയറിനാണ്.  വിവിധ മാധ്യമങ്ങളിലുള്ള ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. മ്യൂറല്‍ പെയിന്റിങുകളും അബ്‌സ്ട്രാക്ട്, മധുബാനി, കോഫി പെയിന്റിങും രചനയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. മ്യൂറല്‍ ശൈലിയില്‍ ചെയ്ത വിശ്വാമിത്രനും മേനകയും എന്ന ചിത്രമായിരുന്നു പ്രദര്‍ശനത്തിലെ മുഖ്യയിനം. ഇത് ചിത്രരചനയ്ക്കു വിഷയമാവുന്നത് വിരളമാണത്രേ. നൃത്തത്തോടുള്ള സ്‌നേഹമാണ് മോഹിനിയാട്ടം ചിത്രത്തിനു പിന്നില്‍. പ്രണയത്തിന്റെ പ്രതീകങ്ങളാണ് കൃഷ്ണനും രാധയും. പുരാണകഥാപാത്രങ്ങളാണ് ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും വിഷയം. മ്യൂറല്‍ പെയിന്റിങില്‍ സഹജമായ വര്‍ണശൈലികളാണ് കവിത പിന്തുടരുന്നത്. പല ചിത്രങ്ങളും പൂര്‍ത്തീകരിക്കാന്‍ ആറുമാസം വരെ സമയമെടുത്തിട്ടുണ്ട്. ചുമര്‍ചിത്രങ്ങളില്‍ കണ്ണുകള്‍ അവസാനമാണ് വരയ്ക്കുന്നത്. ഈ ശൈലിതന്നെയാണ് കവിതയും പിന്തുടരുന്നത്. പ്രദര്‍ശനത്തിലുണ്ടായിരുന്ന നാലു ചിത്രങ്ങള്‍ കോളജിലെ ഒരു ഫയല്‍ ശരിയാക്കുന്നതിനായി ഒരാഴ്ച സെക്രട്ടേറിയറ്റ് കയറിയിറങ്ങിയതിന്റെ സ്മാരകമാണെന്ന് കവിത പറയുന്നു. ആ ഫയല്‍ ശരിയാക്കാനെടുത്ത സമയത്താണ് ഈ ചിത്രങ്ങള്‍ വരച്ചത്. ഒരു ദിവസം കൊണ്ട് കിട്ടേണ്ട ഫയല്‍ കിട്ടുവാന്‍ ഒരാഴ്ചയെടുത്തു.

pictureഓരോ ദിവസവും ഓരോ ഉദ്യോഗസ്ഥര്‍ ലീവാകും. അപ്പോള്‍ വീണ്ടും കാത്തിരിക്കണം. ഈ സമയത്താണ് ചിത്രരചന നടന്നത്. മാസങ്ങള്‍ സമയമെടുത്ത് വരയ്ക്കുന്ന ചിത്രങ്ങള്‍ ആഴ്ചകള്‍ കൊണ്ട് അങ്ങനെ വരച്ചുതീര്‍ത്തു.2015 ആഗസ്തില്‍ ഇന്‍ഡോറില്‍ നടന്ന ഇന്റര്‍നാഷനല്‍ യങ് സയന്റിസ്റ്റ് കോണ്‍ഗ്രസ്സില്‍ കവിത അവതരിപ്പിച്ച മ്യൂറല്‍ പെയിന്റിങുകളെ കുറിച്ചുള്ള പ്രബന്ധം വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. പിന്നീടത് പ്രസിദ്ധീകരിക്കപ്പെട്ടു. ചിത്രരചന കൂടാതെ ഭരതനാട്യവും മോഹിനിയാട്ടവും കര്‍ണാട്ടിക് മ്യൂസിക്കും പഠിച്ചിട്ടുണ്ട്. വീണയും വായിക്കും.  തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് കവിത ബാലകൃഷ്ണന്‍. മക്കളായ നക്ഷത്രയും അക്ഷര്‍ വിനായകുമാണ് ചിത്രംവരയ്ക്ക് പ്രോല്‍സാഹനം നല്‍കുന്നവര്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ നിന്ന് ബിരുദവും തൃശൂര്‍ ഗവ. ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്ന് എല്‍എല്‍എമ്മും നേടി. പൂനെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിസിന്‍ ആന്റ് ലോയില്‍ ആരോഗ്യസംരക്ഷണ നിയമത്തില്‍ സ്‌പെഷ്യലൈസ് ചെയ്തു. ഇപ്പോള്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നു.
Next Story

RELATED STORIES

Share it